അമിത് ഷായ്ക്കു പിന്നാലെ ഡോവലും കുടുങ്ങി; മകന്റെ ഫൗണ്ടേഷന് വിദേശ സാമ്പത്തിക സഹായം
ശനി, 4 നവംബര്‍ 2017 (13:51 IST)
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യ ഡോവലിന്റെ ഫൗണ്ടേഷന് വിദേശ സാമ്പത്തിക സഹായം ലഭിച്ചെന്ന് ആരോപണം. ശൗര്യ മുഖ്യ നടത്തിപ്പുകാരനായ ഇന്ത്യന്‍ ഫൗണ്ടേഷന് എന്ന സംഘടനയ്ക്ക് വിദേശ കമ്പനികളില്‍ നിന്നും അനധികൃതമായി സംഭാവന ലഭിക്കുന്നുണ്ടെന്നാണ് ‘ദി വയര്‍’ എന്ന വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്നുമാണ് ഇന്ത്യന്‍ ഫൗണ്ടേഷന് അധികവും സംഭാവനകള്‍ സ്വീകരിച്ചിരിക്കുന്നത്. ആയുധ– വ്യോമയാന കമ്പനികൾക്കു പുറമെ വിദേശ ബാങ്കുകളും സംഘടനയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
വിമാന കമ്പനിയായ ബോയിംഗ് സംഘടനയുടെ ചില സെമിനാറുകള്‍ സ്പോണ്സര് ചെയ്തിട്ടുണ്ട്. ബോയിംഗിൽനിന്ന് 111 വിമാനങ്ങൾ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നീക്കം നടന്നിരിക്കുന്നത്.
വരുമാന സ്രോതസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടില്ല. ന്യൂയോര്‍ക്കില്‍ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാടകയും ജീവനക്കാരുടെ ശമ്പളവും ശൗര്യയുടെ സംഘടന എങ്ങനെ നല്‍കുന്നുവെന്നും വ്യക്തമല്ല. അതേസമയം, ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഗവേഷണ–ചർച്ചാ വേദികളിലൊന്നായി ഇന്ത്യ ഫൗണ്ടേഷൻ തീര്‍ന്നിരിക്കുകയാണ്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവുമായി ചേര്‍ന്നാണ് ശൗര്യ ഇന്ത്യന്‍ ഫൗണ്ടേഷന് നടത്തുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഫൗണ്ടേഷന്റ ഡയറക്ടര്‍മാരില്‍ ഒരാളാണ്. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം ജെ അക്ബര്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവരും ബോര്‍ഡ് അംഗങ്ങളാണ്.
നേരത്തെബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായ്ക്കെതിരെ വിവാദപരമായ വാര്‍ത്ത പുറത്തവിട്ടതും ‘ദി വയര്‍’ തന്നെയാണ്.