‘തള്ള’ എന്നത് മോശം വാക്ക്; കുമാരനാശാന്റെ ‘കുട്ടിയും തള്ളയും’ കവിതയുടെ പേര് മാറ്റി ‘കുട്ടിയും അമ്മ’യുമാക്കി

ചൊവ്വ, 2 ജൂലൈ 2019 (08:01 IST)
സിബിഎസ്ഇയുടെ മൂന്നാംക്ലാസിലെ മലയാള പാഠവലിയിലുള്ള കുമാരനാശാന്റെ ‘കുട്ടിയും തള്ളയും’ എന്ന കവിതയ്ക്ക് അപ്രഖ്യാപിത വിലക്ക്. കവിതയുടെ ‘കുട്ടിയും തള്ളയും’ എന്ന ശീർഷകത്തിൽ തള്ള എന്ന പദം ചീത്തവാക്കായി കണ്ട് തലസ്ഥാന നഗരത്തിലെ ചില സ്‌കൂളുകളിൽ പഠിപ്പിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
 
എന്നാൽ മൂന്നാം ക്ലാസ്സുകാർക്ക് പഠിക്കാൻ ഫാ. സുനിൽ ജോസ് സിഎംഐ തയാറാക്കി കോഴിക്കോട്ടെ പ്രസിദ്ധീകരണശാല ‘പ്രിയമലയാളം’ എന്ന പേരിൽ ഇറക്കിയിരിക്കുന്ന പുസ്തകത്തിൽ ‘കുട്ടിയും തള്ളയും’ എന്ന പേര് മാറ്റി ‘കുട്ടിയും അമ്മയും’ എന്നാക്കിയിട്ടുണ്ട്. കുട്ടിയും തള്ളയും എന്ന പേര് ചെലവാകാതെ വന്നപ്പോഴാണ് ശീർഷക മാറ്റമെന്നാണ് ന്യായീകരണം. കുമാരനാശാന്റെ ‘പുഷ്പവാടി’ എന്ന സമാഹാരത്തിൽ വന്ന ‘കുട്ടിയും തള്ളയും’ കവിതയിൽ പൂമ്പാറ്റയും പൂവുമാണ് കഥാപാത്രങ്ങൾ.
 
പൂമ്പാറ്റകൾ പൂക്കളിൽ നിന്നും പറന്നുപോകുന്നത് കണ്ട കുഞ്ഞും അമ്മയും തമ്മിലുള്ള സംഭാഷണമാണ് കവിതയിൽ‍. ഈ കവിതയുടെ ശീർഷകമാണ് ഇപ്പോൾ മാറ്റിയത്. മഹാകവി കുമാരനാശാനെപ്പോലുള്ള ആളുകളുടെ കവിതാശീർഷകം മാറ്റി പ്രസിദ്ധീകരിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍