ഡിസംബറില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍; ലഭിക്കുന്നത് 20എസി ബസുള്‍പ്പെടെ നൂറ് ബസുകള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 13 നവം‌ബര്‍ 2021 (15:10 IST)
കെ.എസ്.ആര്‍.ടി.സി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. എട്ട് വോള്‍വാ എ.സി സ്ലീപ്പര്‍ ബസ്സും 20 എ.സി ബസ്സും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍ ലഭിക്കുക. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സി.എന്‍.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങും. നിലവിലുള്ള ഡീസല്‍ എന്‍ജിനുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
 
കെ.എസ്.ആര്‍.ടി.സി ബസ് റൂട്ടുകള്‍ അനുവദിക്കുന്നത് ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി ബസ് റൂട്ടുകള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ സ്ഥിരമായി വലിയ നഷ്ടം വരുത്തുന്ന റൂട്ടുകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഓരോ റൂട്ടും പ്രത്യേകമായി വിലയിരുത്തി തുടര്‍ച്ചയായി വന്‍ നഷ്ടത്തിലാകുന്ന സര്‍വീസുകള്‍ ഇനിയും തുടരാനാവില്ല. എന്നാല്‍ ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍വീസ് തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍