കേബിള്‍ സര്‍വീസും ഇന്റര്‍നെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്ക് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ്ഇബിയുടെ നിലപാടിനെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആയിരക്കണക്കിന് വരുന്ന ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അതിശക്തമായ സമരപരിപാടികളുമായി വൈദ്യുതി ഭവന് മുന്നിലെത്തിയത്.
പിഎംജി ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സിഐടിയു സംസ്ഥാന ട്രഷററായ പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറ്റവും ന്യായവും ആവശ്യവുമായതും അതേസമയം കുത്തകവല്‍ക്കരണത്തിനെതിരെയുള്ള സമരവും ആണ് സിഒഎ നടത്തുന്നതെന്ന് പി. നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വിന്‍സെന്റ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് തുടങ്ങി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈദ്യുതി ഭവന് മുന്നിലെത്തി.