കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച രാഹില്‍ തോക്ക് വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ സാധിക്കാതെ പൊലീസ്. തോക്കിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ്. കണ്ണൂരില്‍ നിന്നാണ് തോക്ക് ലഭിച്ചതെന്ന് സൂചനയുണ്ട്. എന്നാല്‍, ഈ തോക്ക് പണം കൊടുത്ത് വാങ്ങിയതാകാന്‍ സാധ്യതയില്ലെന്നും പൊലീസ് പറയുന്നു.
രാഹിലിന്റെ കൈയിലുണ്ടായിരുന്നത് നാടന്‍ തോക്കാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇത്തരം പിസ്റ്റളുകളുടെ പ്രത്യേകത. ഒറ്റ സെക്കന്‍ഡ് വ്യത്യാസത്തില്‍ ഫയര്‍ ചെയ്യാന്‍ കഴിയും. ലൈസന്‍സോടെ ഇത്തരം പിസ്റ്റള്‍ വാങ്ങാന്‍ 80,000 രൂപ വരെ കൊടുക്കണം. ജമ്മുവില്‍ നിന്ന് പിരിഞ്ഞുവരുമ്പോള്‍ സൈനികര്‍ ഇത്തരം തോക്കുകള്‍ ലൈസന്‍സോടെ വാങ്ങുന്നത് ഈ വിലയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രധാനമായും യുപി, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിലൊക്കെ 30000 മുതല്‍ 40000 രൂപ വരെയാണ് ഈ ടൈപ്പ് പിസ്റ്റളിന്റെ വില. 'കേരളത്തില്‍ നിയമവിരുദ്ധ വിപണിയില്‍ 60,000 രൂപ മുതല്‍ 70,000 വരെ ചെലവുണ്ടാകും. വെറും 500 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഉള്ളംകൈയ്യില്‍ ഒതുങ്ങിയിരിക്കും. 20 സെന്റിമീറ്ററോളമാണ് ബാരലിന്റെ നീളം. കേരളത്തിലെ വിദഗ്ധരായ കൊല്ലപ്പണിക്കാര്‍ ഈ തോക്ക് നിര്‍മിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
7.62 എംഎം പിസ്റ്റളാണ് കൊലപാതകം നടത്താനായി രഖില്‍ ഉപയോഗിച്ചത്. കണ്ണൂര്‍ സ്വദേശിയായതിനാല്‍ മംഗലാപുരം ഭാഗത്ത് നിന്നോ കണ്ണൂരില്‍ നിന്ന് തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്. കേരളത്തില്‍ നിന്നാണ് തോക്ക് വാങ്ങിയതെങ്കില്‍ 60000 രൂപ മുതല്‍ 70000 രൂപ വരെ ചെലവായിക്കാണുമെന്നാണ് കേരള പൊലീസിലെ ആയുധ വിദഗ്ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തോക്ക് മോഷ്ടിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.