ജോളിക്ക് പണം എത്ര കിട്ടിയാലും തികയില്ല, എല്ലാം ധൂര്‍ത്തടിക്കും; മക്കളുടെ അക്കൌണ്ടുകളിലെ പണത്തേക്കുറിച്ചും പരാതി!

അനിത മുരളീകൃഷ്‌ണന്‍
ശനി, 12 ഒക്‌ടോബര്‍ 2019 (07:53 IST)
കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി ജോളി ജോസഫിന്‍റെ വ്യക്തിജീവിതത്തിലെ മുമ്പ് കേട്ടിട്ടില്ലാത്ത പല കാര്യങ്ങളും പുറത്തുവരികയാണ്. ജോളിക്ക് പണത്തോട് അടങ്ങാത്ത ആര്‍ത്തിയായിരുന്നു എന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. പണം എത്രകിട്ടിയാലും തികയില്ലെന്നും കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുമായിരുന്നു എന്നും ജോളിയുടെ സഹോദരന്‍ നോബി പറയുന്നു. പണം ആവശ്യപ്പെട്ട് ജോളി മിക്കപ്പോഴും വിളിക്കാറുണ്ടായിരുന്നു എന്നും നോബി വെളിപ്പെടുത്തി. 
 
ജോളിക്ക് എത്ര പണം നല്‍കിയാലും അതെല്ലാം ധൂര്‍ത്തടിക്കും. വീണ്ടും വിളിക്കും. ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ മരണശേഷം പലതവണ പണം നല്‍കി ജോളിയെ സഹായിച്ചിട്ടുണ്ട്. ജോളിക്കും മക്കള്‍ക്കും ചെലവിന് കൊടുത്തു. ജോളിയുടെ മക്കളുടെ ഫീസും തന്‍റെ പിതാവാണ് നല്‍കിയിരുന്നത്. തനിക്ക് ജോലിയില്ലെന്നും പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും എപ്പോഴും പറയാറുണ്ടായിരുന്നു - നോബി വ്യക്തമാക്കുന്നു.
 
ജോളിയുടെ ഈ ധൂര്‍ത്തടിച്ചുള്ള ജീവിതരീതി കാരണം അവരുടെ മക്കള്‍ക്ക് ആവശ്യമായ പണം മക്കളുടെ അക്കൌണ്ടുകളിലേക്കുതന്നെയായിരുന്നു ഇട്ടിരുന്നത്. ഇതേക്കുറിച്ചും ജോളിക്ക് പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ഓണത്തിനാണ് ജോളി അവസാനമായി കട്ടപ്പനയിലെ വീട്ടിലെത്തിയത്. അന്നും പോകാനിറങ്ങിയ സമയത്ത് ജോളിക്ക് പണം നല്‍കിയതായും നോബി വെളിപ്പെടുത്തി.
 
അതേസമയം, തന്‍റെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു ഈ കേസില്‍ നിരപരാധിയല്ലെന്ന് ജോളി പൊലീസിന് മൊഴി നല്‍കി. സിലിയെ കൊലപ്പെടുത്തുന്നതിന് ഷാജുവിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ജോളി പറഞ്ഞു. രണ്ടുതവണ ഷാജു സഹായിച്ചു. മരുന്നിലാണ് സയനൈഡ് കലര്‍ത്തിയത്. പക്ഷേ രണ്ടുതവണയും പരാജയപ്പെട്ടു. പിന്നീട് താമരശേരിയിലെ ഡെന്‍റല്‍ ക്ലിനിക്കില്‍ വച്ചാണ് മരുന്നില്‍ സയനൈഡ് കലര്‍ത്തി നല്‍കിയത്. ആ ശ്രമം വിജയിക്കുകയും സിലി മരിക്കുകയും ചെയ്തു - ജോളി വെളിപ്പെടുത്തി.
 
രക്തം മരവിക്കുന്ന കൊലപാതകക്കഥകള്‍ പൊലീസിന് മുന്നില്‍ തുറന്നുവയ്ക്കുകയാണ് കൂടത്തായി ജോളി ജോസഫ്. വളരെയേറെ ശ്രദ്ധിച്ചാണ് താന്‍ സയനൈഡ് കൈകാര്യം ചെയ്തിരുന്നതെന്ന് ജോളി വ്യക്തമാക്കി. സയനൈഡ് എടുക്കുന്നതിന് മുമ്പ് വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കുമായിരുന്നു എന്നും അതിന് ശേഷം നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നതെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി.
 
റോയി തോമസിന്‍റെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തിലാണ് താന്‍ സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും ജോളി വ്യക്തമാക്കി. മാത്യുവിനൊപ്പം താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു ദിവസമാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയത് - ജോളി വെളിപ്പെടുത്തി.
 
കൂട്ടുപ്രതിയായ എം എസ് മാത്യു തനിക്ക് കൂടത്തായിയിലെ വീട്ടില്‍ രണ്ടുതവണയാണ് സയനൈഡ് എത്തിച്ച് നല്‍കിയതെന്നും വ്യക്തമാക്കി. റോയി തോമസിന്‍റെ അമ്മ അന്നമ്മയ്ക്ക് ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. അതിന് മുമ്പും ഒരു തവണ അന്നമ്മയെ വധിക്കാന്‍ ജോളി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. 
 
സാലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് താനല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇടയ്ക്ക് ജോളി ശ്രമിച്ചു. ഷാജുവിന്‍റെ സഹോദരിയാണ് ആല്‍‌ഫൈന് ആഹാരം കൊടുത്തതെന്നും അതില്‍ സയനൈഡ് കലര്‍ത്തിയിരുന്നോ എന്ന് ഓര്‍മ്മയില്ലെന്നും ആദ്യം ജോളി പറഞ്ഞു. എന്നാല്‍ ഇറച്ചിക്കറിയില്‍ ബ്രെഡ് മുക്കി ജോളി ആല്‍ഫൈന് ആഹാരം കൊടുക്കുന്നത് കണ്ടു എന്ന സാക്ഷിമൊഴിയുടെ കാര്യം പൊലീസ് വ്യക്തമാക്കിയപ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ ആ കുറ്റവും ജോളി സമ്മതിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article