കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം; അന്വേഷണസംഘം ബംഗളൂരുവിലേക്ക്

Webdunia
വ്യാഴം, 16 ജൂലൈ 2015 (11:30 IST)
കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കുന്നതിനായി അന്വേഷണസംഘം ബംഗളൂരുവിലേക്ക്. കോന്നി എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് ഉച്ചയ്ക്ക് ബംഗളൂരുവിലേക്ക് പുറപ്പെടും. ബംഗളൂരിലെ ലാല്‍ബാഗിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. ഇതിലൂടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

പെണ്‍കുട്ടികള്‍ രണ്ടു തവണ ബംഗളൂരുവില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. മൂവരും ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റെ ടിക്കറ്റുകള്‍ ബാഗില്‍ നിന്നു കണ്ടെത്തിയിരുന്നു.

അതേസമയം, പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതില്‍ പൊലീസിന് അതൃപ്തി. ഇത് സംബന്ധിച്ച് ഷൊര്‍ണൂര്‍ ഡിവൈഎസ്പി തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്തയച്ചു. ഡിവൈഎപ്സി നേരിട്ടെത്തിയാണ് അതൃപ്തി അറിയിച്ചത്. പ്രമാദമായ കേസായതിനാല്‍ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കേസിന്റെ അന്വേഷണത്തിന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനിവാര്യമാണ്. നിയമസഭയിലടക്കം മറുപടി പറയേണ്ട വിഷയമാണ്. പ്രമാദമായ കേസിന്റെ അന്വേഷണമാണ് നടക്കുന്നത് അതിനാല്‍ എത്രയും വേഗം പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം അവധിയില്‍ പ്രവേശിച്ച ഫോറന്‍സിക് സര്‍ജന്‍ മൂന്ന് ദിവസമായിട്ടും റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല.

നേരത്തേ, പെണ്‍കുട്ടികളുടെ പോസ്റ്മോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍ അവധിയില്‍ പോയിരുന്നു. പൊലീസ് പലതവണ ബന്ധപ്പെട്ടിട്ടും പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് രേഖാമൂലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പോലീസ് കത്ത് നല്‍കിയത്. അതേസമയം ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ നിര്‍ണായക മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചു.