‘ആവേശം കൂടിപ്പോയപ്പോൾ പറഞ്ഞതാ‘ - മാപ്പ് പറഞ്ഞ് കൊല്ലം തുളസി, കേസെടുത്ത് വനിതാ കമ്മീഷന്‍

ശനി, 13 ഒക്‌ടോബര്‍ 2018 (08:46 IST)
ശബരിമല വിഷയത്തില്‍ നടത്തിയ പ്രസംഗം വിവാദമായതോടെ മാപ്പ് പറഞ്ഞ് നടൻ കൊല്ലം തുളസി. സ്ത്രീകളെ അധിക്ഷേപിച്ചും സുപ്രീംകോടതിയെ അവഹേളിച്ചുമാണ് തുളസി കൊലവെറി പ്രസംഗം നടത്തിയത്.  പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗങ്ങള്‍ കേട്ട് ആവേശം കൂടിയതോടെയാണ് അത്തരം പരാമര്‍ശം നടത്തിയതെന്ന് കൊല്ലം തുളസി കുറ്റസമ്മതം നടത്തി.
 
അതേസമയം സ്ത്രീകള്‍ക്കതിരെ അധിക്ഷേപരമായ പരാമര്‍ശം നടത്തിയ നടനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 
 
ശബരിമലയില്‍ കയറാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുമ്പിലേക്ക് വലിച്ചെറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. അടുത്ത ഭാഗം ഡല്‍ഹിയിലേക്ക് വലിച്ചെറിയണമെന്നുമായിരുന്നു തുളസി പറഞ്ഞത്.
 
ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ചുകൊണ്ട് വിധിപറഞ്ഞ ജഡ്ജിമാര്‍ക്കെതിരെയും കടുത്ത അധിക്ഷേപവാക്കുകളാണ് കൊല്ലം തുളസി പ്രയോഗിച്ചത്. എന്‍ ഡി എ നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെയാണ് കൊല്ലം തുളസിയുടെ പ്രസംഗം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍