പരവൂർ വെടിക്കെട്ട്: പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല, വെടിക്കെട്ട് നടത്തിയത് അനുവാദമില്ലാതെ; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

Webdunia
വ്യാഴം, 28 ജൂലൈ 2016 (10:22 IST)
കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ക്ഷേത്രഭാരവാഹികൾ ഉ‌ൾപ്പെടെ 43 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ജില്ലാഭരണകൂടത്തിനും പൊലീസിനും സംഭവത്തിൽ  ബോധപൂർവ്വമായ വീഴ്ച വന്നിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം ക്രൈംബ്രാഞ്ച് എ ഡി ജി പിയ്ക്ക് സമർപ്പിച്ചു. 
 
ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനപ്പൂർവ്വമായ വീഴ്ച പൊലീസിന്റേയോ ജില്ലാഭരണകൂടത്തിന്റേയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വെടിക്കെട്ട് നടത്താൻ രാഷ്ട്രീയക്കാരുടെയും ക്ഷേത്രഭാരവാഹികളുടെയും സമ്മർദ്ദം ഉണ്ടായെന്നും അനുവാദമില്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
 
പൊലീസും ജില്ലാ ഭരണകൂടവും കൃത്യനിർവഹണത്തിൽ വീഴവരുത്തിയെന്ന് കേന്ദ്ര കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ അനാസ്ഥയേയും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. 
Next Article