പരവൂർ പുറ്റിങ്കൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ജഡ്ജി പി കൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പരവൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
വെടിക്കെട്ടു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
മൽസരക്കമ്പം നിയമവിരുദ്ധമാണ്. സ്‌ഫോടക വസ്തു നിരോധ നിയമം കര്‍ശനമായി നടപ്പാക്കും. നിയമങ്ങൾ കൂടുതൽ കർശനമാക്കും. ഇവ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിബന്ധനകൾ കർശനമാക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ നളിനി നെറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.