വീട്ടമ്മയായ യുവതിയെ കൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കി

എ കെ ജെ അയ്യര്‍

ബുധന്‍, 28 ഫെബ്രുവരി 2024 (16:41 IST)
കൊല്ലം: വീട്ടമ്മയായ യുവതിയെ കൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ അഞ്ചൽ തടിക്കാട് ആണ് ദാരുണമായ ഈ സംഭവം നടന്നത്. തടിക്കാട് സ്വദേശികളാണ് മരിച്ച രണ്ടു പേരും.

തടിക്കാട് പുളിമുക്ക് പൂവണത്തും വീട്ടിൽ സിബി എന്ന വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോൾ ഒഴിച്ച് തീകത്തിച്ച ശേഷം തടിക്കാട് പാങ്ങൽ വീട്ടിൽ ബിജു എന്ന നാല്പത്തേഴുകാരനാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. സ്‌കൂട്ടറിൽ എത്തിയ ബിജു വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന സിബിയെ ബലമായി പിടിച്ചു മുറിക്കുള്ളിൽ കൊണ്ടുപോയി കതക് അടച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.

സംഭവ സ്ഥലത്തു വച്ച് തന്നെ ബിജുവും പെട്രോൾ ദേഹത്തൊഴിച്ചു തീകൊളുത്തി മരിക്കുകയായിരുന്നു. വീടിനു പുറത്തായിരുന്ന കുട്ടികൾ വീടിന്റെ ജനാല തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടികളുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. സിബി ബിജുവിന് പണം കടം കൊടുത്തിരുന്നു. എന്നാൽ ബിജു ഇത് തിരികെ നൽകിയിരുന്നില്ല. ഗൾഫിലായിരുന്ന സിബിയുടെ ഭർത്താവ് ഉദയകുമാർ നാട്ടിലെത്തിയപ്പോൾ വിവരം അറിയുകയും അഞ്ചൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മാർച്ചിൽ ഈ പണം തിരികെ നൽകാമെന്ന് ബിജു പൊലീസിന് മുന്നിൽ സമ്മതിച്ചിരുന്നു. എന്നാൽ അതിനിടെയാണ് ഇത്തരമൊരു ദുരന്തം ഉണ്ടായത്. പോലീസ് സംഭവ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍