മാനസിക നില തകരാറിലായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യർ

ബുധന്‍, 14 ഫെബ്രുവരി 2024 (13:05 IST)
പാലക്കാട്: മാനസിക നില തകരാറിലായ യുവാവിനെ കെട്ടിയിട്ട ശേഷം മണിക്കൂറുകളോളം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിൽ ആകെയുള്ള എട്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ കൂടാതെ പതിനായിരം രൂപാ വീതം പിഴയും വിധിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് 2010 ഫെബ്രുവരി പതിനെട്ടിന് പുലർച്ചെ ആയിരുന്നു.  പെരുവെമ്പ്  കിഴക്കേ തോട്ടുപാടം സ്വദേശി രാജേന്ദ്രൻ എന്ന 34 കാരനെ പരിസര വാസികളായ പ്രതികൾ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് അഡീഷണൽ ജില്ലാ കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷിച്ചത്.
 
കിഴക്കേതോട്ടുപാടം സ്വദേശികളായ വിജയൻ, കുഞ്ചപ്പൻ, ബാബു, മുരുകൻ, മുത്ത്, രമണൻ, മുരളീധരൻ, രാധാകൃഷ്ണൻ എന്നിവരെയാണ് ശിക്ഷിച്ചത്. രാജേന്ദ്രന്റെ ശരീരത്തിൽ വടികൊണ്ട് അടിച്ചതിന്റെ മുപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. തലയ്ക്കും അറിയേറ്റിരുന്നു.
 
വർഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു രാജേന്ദ്രൻ. സമീപത്തെ ചായക്കടയുടെ മുന്നിൽ ഉണ്ടായിരുന്ന ഷെഡിനു തീവച്ചതു രാജേന്ദ്രനാണ് എന്നാരോപിച്ചായിരുന്നു പ്രതികൾ മർദ്ദിച്ച്‌ കൊലപ്പെടുത്തിയത്. പ്രതികൾ ഓടിച്ചപ്പോൾ ഭയന്ന രാജേന്ദ്രൻ വീടിന്റെ പിറകിൽ കൂടി മറ്റൊരു വീടിനടുത് എത്തിയെങ്കിലും രാജേന്ദ്രനെ പിടികൂടി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടാണ് മർദ്ദിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസ് രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍