യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട രണ്ടു സുഹൃത്തുക്കൾ പിടിയിൽ

എ കെ ജെ അയ്യര്‍

ശനി, 10 ഫെബ്രുവരി 2024 (13:25 IST)
തിരുവനന്തപുരം: സുഹൃത്തുക്കളുമൊത്ത് ലോഡ്ജിൽ മദ്യപാനം ചെയ്യുന്നതിനിടെ മർദ്ദനമേറ്റു യുവാവ് മരിച്ച സംഭവത്തിൽ രണ്ടു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്തമംഗലം ഇടപ്പഴഞ്ഞി പാലോട്ട്കോണം റോഡിൽ രാജേഷ് എന്ന കൃഷ്ണപ്രസാദ്‌ (38), ഇടപ്പഴഞ്ഞി പഴനി നഗറിൽ കുട്ടു എന്ന ശ്രീജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി തമ്പാനൂർ അരിസ്റ്റോ ജംഗ്‌ഷനിലെ ഒരു ലോഡ്ജിൽ വച്ച് മർദ്ദനമേറ്റ ശാസ്തമംഗലം സി.എ.എസ്.എം നഗർ സ്വദേശി സജുമോനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി കേസിലെ രണ്ടാം പ്രതി ശ്രീജിത്ത് ഈ ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സജുമോനും ഇവിടെ മുറിയെടുത്തു.

മറ്റൊരു സുഹൃത്തായ കൃഷ്ണപ്രസാദിനെയും ക്ഷണിച്ചുവരുത്തി മൂവരും ചേർന്ന് മദ്യപിച്ചു. എന്നാൽ ഉച്ചയോടെ തന്റെ ഷർട്ടിൽ ഉണ്ടായിരുന്ന പണം കണ്ടില്ലെന്നും അത് സജുമോനാണ് എടുത്തതെന്നും പറഞ്ഞു കൃഷ്ണപ്രസാദ്‌ വഴക്കുണ്ടാക്കി. അടിയേറ്റു ബോധം കെട്ടുവീണ സജുമോനെ അവിടെ വിട്ട് ശ്രീജിത്തും കൃഷ്ണപ്രസാദും മുങ്ങി. വിവരം അറിഞ്ഞ ലോഡ്ജ് ജീവനക്കാർ ശ്രീജിത്തിനെ വിളിച്ചുവരുത്തി ആംബുലൻസിൽ സജുമോനൊപ്പം കയറ്റിവിട്ടെങ്കിലും ശ്രീജിത്ത് ഇടയ്ക്ക് വച്ച് മുങ്ങി.

സാജുമോനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം മർദ്ദനമാണെന്നു കണ്ടെത്തി. തുടർന്ന് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് കൃഷ്ണപ്രസാദിനെയും പിടികൂടി. മരിച്ച സാജുമോൻ മോഷണം ഉൾപ്പെടെ മൂന്നു കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍