മഴക്കെടുതി:കൊല്ലത്ത് 49 ലക്ഷത്തിന്റെ നഷ്ടം

എ കെ ജെ അയ്യര്‍

വെള്ളി, 7 ഓഗസ്റ്റ് 2020 (12:27 IST)
കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും കൊല്ലം  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 49 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. 125 ലേറെ വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഓരോ കിണറിനും തൊഴുത്തിനും കേടുപാടുകളുണ്ട്. കുന്നത്തൂര്‍ താലൂക്കിലാണ് ഏറ്റവുമധികം നാശ നഷ്ടങ്ങളുണ്ടായത്. 55 വീടുകള്‍ ഭാഗികമായി തകര്‍ന്നതുള്‍പ്പടെ 35 ലക്ഷം രൂപയുടെ നാശനഷ്ടം കുന്നത്തൂരുണ്ടായി.
 
കൊട്ടാരക്കര താലൂക്കില്‍ 52 വീടുകളുടെ ഭാഗിക തകര്‍ച്ചയടക്കം 12 ലക്ഷം രൂപയുടെ നാശനഷ്ടവും പുനലൂരിലെ അറയ്ക്കല്‍, ആര്യങ്കാവ്, ഇടമുളയ്ക്കല്‍, ആയിരനെല്ലൂര്‍, ചണ്ണപ്പേട്ട വില്ലേജുകളിലെ  16 വീടുകള്‍ തകര്‍ന്നതടക്കം രണ്ടര ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി.
 
പത്തനാപുരം താലൂക്കിലെ വിളക്കുടി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, പത്തനാപുരം വില്ലേജുകളിലെ 12 വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. 2,40,000 രൂപയുടെ നഷ്ടമുണ്ടായി. 
 
കരുനാഗപ്പള്ളി താലൂക്കിലെ  തേവലക്കര വില്ലേജില്‍ മുള്ളിക്കായ സ്വദേശി തുളസിയുടെ  കിണര്‍ ഇടിഞ്ഞു താഴുകയും അരിനല്ലൂര്‍, പടിഞ്ഞാറ്റക്കര സ്വദേശികളുടെ  വീടുകള്‍ക്കും ഒരു കടയ്ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. 10500 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍