കൊല്ലം കളക്‍ടറേറ്റ് വളപ്പില്‍ ഉണ്ടായ ബോംബ് സ്‌ഫോടന കേസിൽ നിയമവിരുദ്ധ പ്രവർത്തനം തടയുന്ന നിയമം (യുഎപിഎ) ചുമത്തും. കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് യുഎപിഎ ചുമത്തുന്നത്. സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ അഞ്ചു പേരെ പൊലീസ് കസ്‌റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
എൻഐഎ സംഘം സ്‌ഫോടനം നടന്ന സ്ഥലം പരിശോധിച്ചു. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് സ്‌ഫോനം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതെന്നാണ് വിലയിരുത്തല്‍. നിരവധി യുവാക്കളെ ഇതുവരെ പൊലീസ് ചോദ്യം ചെയ്‌തു. ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി തടിയന്റവിട നസീറുമായി ബന്ധപ്പെട്ട സൗഹൃദങ്ങളുടെ പേരിൽ പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലുള്ള ഇരുപത്തിയൊന്നുകാരനെ കുണ്ടറയില്‍ നിന്ന് പൊലീസ് കസ്‌റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്‌തു. മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കൊല്ലം എസിപി കെ ലാൽജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെങ്കിലും എൻഐഎ, ഐ.ബി, ഇന്റേണൽ സെക്യൂരിറ്റി വിംഗ് തുടങ്ങിയ ഏജൻസികൾ സമാന്തരമായിത്തന്നെ പൊലീസിനൊപ്പം അന്വേഷണം നടത്തുന്നുണ്ട്.
കോടതി പരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനം ആസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ 11 മണിക്ക് കോടതി ആരംഭിക്കുന്നതിന് മുമ്പ് ആണ് പൊട്ടിത്തെറി ഉണ്ടായത്. പ്രദേശത്തുനിന്നു വെടിമരുന്നിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ടൈമർ ഘടിപ്പിച്ച സ്റ്റീൽ ബോംബ് ആണെന്നാണ് സംശയം.