കളമശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഗുണ്ടയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സക്കീർ ഹുസൈനെതിരെ ഉയർന്ന ആരോപണങ്ങൾ സി പി എമിനെ വൃകൃതമാക്കുന്നതിനു വേണ്ടിയാണെന്നും കോടിയേരി പറഞ്ഞു. സക്കീറിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്. ജനകീയസമരങ്ങളില്‍ പങ്കെടുത്തതിനാണു സക്കീര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും കോടിയേരി വ്യക്തമാക്കി.
വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സി പി എം നേതാവ് വി എ സക്കീര്‍ ഹുസൈന് എതിരായ ആരോപണം സംബന്ധിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ദേയം.
പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ കാപ്പ നിയമപ്രകാരം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം തോന്ന്യാസഭരണത്തിന്റെ ഇരയാണ് സക്കീർ ഹുസൈനെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പരാതി വന്നാല്‍ പോലും അതെല്ലാം നീതിന്യായ പ്രക്രിയയ്ക്ക് വിധേയമാക്കും. അതാണ് സക്കീര്‍ ഹുസൈനെതിരായി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിലൂടെ തെളിയുന്നത്.