ദളിത് യുവതികളുടെ അറസ്‌റ്റ്; യുവതികള്‍ ജാമ്യമെടുക്കാതെ പ്രശ്നം വഷളാക്കുകയായിരുന്നു, പൊലീസല്ല കോടതിയാണ് അവരെ ജയിലില്‍ അടച്ചത് - കോടിയേരി

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (16:14 IST)
തലശേരിയിൽ ദളിത് യുവതികളുടെ അറസ്‌റ്റില്‍ ജാമ്യമെടുക്കാതെ പ്രശ്നം വഷളാക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദളിത് യുവതികളെ ജയിലിൽ അടച്ചത് പൊലീസല്ല. കോടതിയാണ് യുവതികളെ ജയിലില്‍ അടച്ചത്. യുവതികളോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ജാമ്യത്തിന് ശ്രമിച്ചില്ല. ഇപ്പോൾ നടക്കുന്നത് സിപിഎം വിരുദ്ധ പ്രചാരവേലയെന്നും കോടിയേരി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

കോടിയേരി ബാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-

തലശേരിയിലെ കുട്ടിമാക്കൂലില്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതികളായ ദളിത് യുവതികളെ പൊലീസല്ല, കോടതിയാണ് ജയിലില്‍ അടച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അവര്‍ ഹാജരായത് കുട്ടിയുമായാണ്. പൊലീസിന് ജാമ്യം കൊടുക്കാനാകാത്തതുകൊണ്ടാണ് ജഡ്ജിന് മുന്നില്‍ ഹാജരാക്കിയത്. കോടതിയാണ് അവരെ റിമാന്‍ഡ് ചെയ്തത്.

ജാമ്യം എടുക്കാന്‍ ഈ യുവതികളോ, അവരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേതാക്കളോ ശ്രമിച്ചില്ല. അതിന് ശ്രമിച്ചിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ ജാമ്യം കിട്ടുമായിരുന്നു. ജാമ്യത്തിന് ശ്രമിക്കുമ്പോള്‍ എതിര്‍ക്കുകയാണെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ സിപിഐ എം വിരുദ്ധ പ്രചാര വേലയാണ് ഇപ്പോള്‍ നടക്കുന്നത്.

ഈ കേസില്‍ സിപിഐ എമ്മുകാരും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. അവരും ജയിലിലാണ്. ഒരു വിവേചനവുമില്ലാതെ ഇരുവിഭാഗത്തിനെതിരെയും നടപടിയെടുത്തു.

അറസ്റ്റിലായവര്‍ പിന്നോക്കവിഭാഗക്കാരാണെന്ന് അവര്‍ പറയുമ്പോള്‍മാത്രമാണ് ആ നാട്ടുകാര്‍ അറിയുന്നത്. മതപരമോ ജാതീയമോ ആയ ഒരു വിവേചനവും കാട്ടാത്ത ആളുകളാണ് കുട്ടിമാക്കൂലിലുള്ളത്.

കുട്ടിയെ ജയിലില്‍ അടയ്ക്കുന്നത് ആദ്യമാണെന്നൊക്കെ ആക്ഷേപിക്കുന്നവര്‍ ചരിത്രം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. യുഡിഎഫ് ഭരണകാലത്ത് വയനാട്ടില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ സമരം നടത്തിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം ജയിലില്‍ അടച്ചിരുന്നു.

147 കുട്ടികളാണ് അന്ന് ജയിലില്‍ അടയ്ക്കപ്പെട്ടത്. ആന്‍റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മുത്തങ്ങ സംഭവം നടന്നത്. അന്നും സ്ത്രീകളെയും കുട്ടികളെയും ജയിലില്‍ അടച്ചു. ആന്‍റണിയുടെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തുമൊക്കെ കുട്ടികളെ ജയിലില്‍ അടച്ചിട്ടുണ്ട്.

കുട്ടിയുമായി ഹാജരായപ്പോള്‍ കോടതിയാണ് അവരെ റിമാന്‍ഡ് ചെയ്തത്. കുട്ടികളെ കൂടെ കൂട്ടിയത്‌ യുവതികളാണ്. അവര്‍ ജാമ്യം എടുക്കാതെ പ്രശ്നം രൂക്ഷമാക്കാനാണ് ശ്രമം നടത്തിയത്. ഇതാണ് യാഥാര്‍ത്ഥ്യം.

വസ്തുതകള്‍ മനസിലാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
Next Article