യു ഡി എഫ് ബാറുകൾ പൂട്ടിയത് മദ്യം നിർത്തലാക്കാനല്ല കൈക്കൂലിക്ക് വേണ്ടിയെന്ന് കോടിയേരി

Webdunia
വെള്ളി, 8 ഏപ്രില്‍ 2016 (18:43 IST)
എൽ ഡി എഫ് അധികാരത്തിൽ വന്നാൽ പൂട്ടിയ ബാറുകൾ തുറക്കുമെന്ന യു ഡി എഫിന്റെ വാദങ്ങ‌ൾ പൊള്ളയെന്ന് അറിയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഒരു തുള്ളി പോലും മദ്യം ലഭിക്കില്ല എന്നും കോടിയേരി വ്യക്തമാക്കി. എറണാകുളം പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പുട്ടിയ ബാറുകൾ തുറക്കുമെന്ന് എൽ ഡി എഫ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മദ്യത്തിന്റെ ലഭ്യത ഇപ്പോഴത്തേക്കാള്‍ കുറച്ചുകൊണ്ടുവരുന്നതിന് സഹായകരമായ നടപടിയാണ് ഇടതുപക്ഷം സ്വീകരിക്കുക. എന്നാൽ യു ഡി എഫ് സർക്കാർ ബാറുകൾ പൂട്ടിയത് മദ്യനിരോധനത്തിനല്ല കൈകൂലിക്കാണെന്നും ഇതിലൂടെ ജനങ്ങ‌ളെ കുഴയ്ക്കുകയാണ് അവരുടെ പ്രശ്നമെന്നും കോടിയേരി വ്യക്തമാക്കി.
 
അതേസമയം കേരളത്തിലെ മദ്യനിരോധന നിയമം തിരുത്തില്ലെന്നും മദ്യത്തിന്റെ ഉപയോഗം ക്രമേണ കുറച്ച് കൊണ്ടു വരുമെന്നും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. മദ്യനിരോധനമല്ല പകരം മദ്യവർജനമാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നതെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും നേരത്തേ അറിയിച്ചിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം