കൊടിയത്തൂർ മുക്കുപണ്ടം തട്ടിപ്പ്: പ്രതി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: വിവാദമായ കൊടിയത്തൂർ ബാങ്കിലെ മുക്കുപണ്ടം തട്ടിപ്പ് കേസിലെ പ്രതിയായ ബാങ്ക് അപ്രൈസർ മുക്കം പന്നിക്കോട് പരവറയിൽ മോഹൻദാസിന്റെ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 24.2 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പാണ് ഇയാൾ നടത്തിയത്.
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ഇയാളെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. ഇരു കൈകളും അറ്റുപോയ നിലയിലായിരുന്ന ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇത്തരത്തിൽ മുക്കുപണ്ടം കേസിൽ ആകെ 31 ലക്ഷം തട്ടിയ ഈ കേസിൽ കോൺഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ഉൾപ്പെടെ പ്രതികളാണുള്ളത്. ബാബു ഇപ്പോഴും ഒളിവിലാണ്.
എന്നാൽ അപ്രൈസർക്കെതിരെയോ ബാങ്കിനെതിരെയോ നിലവിൽ കേസൊന്നും എടുത്തിട്ടില്ല. ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്ന് 24.2 ലക്ഷം രൂപയും കാർഷിക ഗ്രാമ വികസന ബാങ്ക് അഗസ്ത്യൻമൂഴി ശാഖയിൽ നിന്ന് 7.2 ലക്ഷവും ആണ് തട്ടിയത്. മോഹൻദാസിന്റെ മരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.