കോമഡി വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടാണ് എനിക്ക് പുരസ്‌കാരം നല്‍കാതിരുന്നത്; ഞാന്‍ അഭിനയിച്ച സിനിമ ജൂറി കണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്- ഇന്ദ്രന്‍സിന് പിന്നാലെ കൊച്ചുപ്രേമനും പൊട്ടിത്തെറിക്കുന്നു
വ്യാഴം, 3 മാര്‍ച്ച് 2016 (06:06 IST)
കോമഡി വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടാണ് തനിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതെ പോയതെന്ന് നടന്‍ കൊച്ചുപ്രേമന്‍. കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനാല്‍ അതു കൊച്ചുപ്രേമനല്ലേ, അങ്ങിനെയൊക്ക മതി എന്നായിരിക്കും ജൂറി അംഗങ്ങള്‍ വിചാരിച്ചത്. താന്‍ നായകനായ രൂപാന്തരം എന്ന സിനിമ ജൂറി കണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച നടനെ തെരഞ്ഞെടുക്കുന്നതില്‍ ജൂറിക് പിഴവ് പറ്റി, പക്ഷേ ആരും ഒന്നും പറയുന്നില്ല. അവസാന റൌണ്ടില്‍വരെ തന്റെ പേര് ഉണ്ടായിരുന്നതായി രൂപാന്തരത്തിന്റെ സംവിധായകന്‍ പത്മകുമാര്‍ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. സിനിമ കണ്ട എല്ലാവരും തന്റെ പ്രകടനത്തെക്കുറിച്ചു മികച്ച അഭിപ്രായമാണു പങ്കുവച്ചതെന്നും കൊച്ചുപ്രേമന്‍ പറഞ്ഞു.
സ്‌ഥിരമായി ചെയ്‌ത ട്രാക്കില്‍നിന്നു മാറി പുതിയ വേഷങ്ങള്‍ ചെയുബോള്‍ അത് ഏതു ചെറിയ നടനായാലും പരിഗണിക്കാന്‍ തയാറാകണം. സിനിമാ മേഖലയിലും ജനങ്ങള്‍ക്കിടയിലും സ്വാധീനമുള്ള താരങ്ങളെ നോക്കി പുരസ്‌കാരം നല്‍കുന്നതു ശരിയല്ലെന്നും കൊച്ചുപ്രേമന്‍ വ്യക്തമാക്കി.
അഭിനയം നോക്കിയല്ല ശരീരത്തിന്റെ വലുപ്പവും നിറവും നോക്കിയാണ് ഇവിടെ പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് ഇന്ദ്രന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ ആരുമില്ല. പുരസ്‌കാരത്തിന്റെ അവസാന റൌണ്ട് വരെ താന്‍ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു. വലിയ വലിയ നടന്‍മാര്‍ ഉള്ളപ്പോള്‍ നമുക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു കവര്‍ പേജില്‍ പോലും തന്റെ ചിത്രം അച്ചടിച്ചു വന്നിട്ടില്ല. തന്നെ പോലെയുള്ളവരെ രണ്ടാം നിര നടന്മാരായിട്ടാണ് ഇവിടെ എല്ലാവരും കാണുന്നത്. സുരാജിനും സലീം കുമാറിനും ദേശിയ അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ ഇവിടെ അവര്‍ അവഗണിക്കപ്പെട്ടു. ഹാസ്യതാരത്തിനും മറ്റുമുള്ള പുരസ്‌കാരങ്ങളാണ് അവര്‍ക്ക് ഇവിടെ ലഭിച്ചത്. ഇന്ത്യന്‍ സിനിമയില്‍ വേര്‍തിരിവ് ഇല്ലെങ്കിലും ഇവിടെ അതുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
താരത്തിന്റെ നിറമോ ശരീരത്തിന്റെ വലുപ്പമോ നോക്കി നല്ല സിനിമകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കാതിരിക്കരുത്. പുരസ്‌കാരം ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ല. എന്നാല്‍, ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയവരെ അഭിനന്ദിക്കുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മൺട്രോ തുരുത്ത്, അമീബ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു.