കായല്‍ പുറമ്പോക്ക്‌ കയ്യേറ്റം; ജയസൂര്യയ്‌ക്കുമേല്‍ പിടിമുറുക്കി റവന്യൂ വകുപ്പ്

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (17:50 IST)
കായല്‍ പുറമ്പോക്ക്‌ കയ്യേറി ബോട്ട്‌ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്ന പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ റവന്യൂ വകുപ്പ്‌ പിടിമുറുക്കുന്നു. ജയസൂര്യയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ കളമശ്ശേരി സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ഗിരീഷ്‌ ബാബു നല്‍കിയ ഹര്‍ജിയിലാണ്‌ നടപടി.

പരാതിയുടെ അടിസ്‌ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ജനുവരി ആറിന്‌ ഉള്ളില്‍ ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ ജഡ്‌ജി എസ് എസ്‌ വാസന്‍ നിര്‍ദേശിച്ചിരുന്നു. കോടതിയുടെ ഇടപെടല്‍ വന്നതോടെ റവന്യൂ വകുപ്പ്‌ ഭൂമി അളക്കല്‍ നടപടി തുടങ്ങി. ചിലവന്നൂര്‍ കായല്‍ പരിസരത്തെ ജയസൂര്യയുടെ ഉടമസ്‌ഥതയിലുള്ള ഭൂമിയാണ്‌ റവന്യൂ വകുപ്പ്‌ അധികൃതര്‍ അളന്ന്‌ തിട്ടപ്പെടുത്തുന്നത്‌.

കായല്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന കോര്‍പറേഷന്‍ ബില്‍ഡിങ്‌ ഇന്‍സ്‌പെക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ 14 ദിവസത്തിനുള്ളില്‍ തന്നെ നിര്‍മ്മാണം സ്വന്തം ചെലവില്‍ പൊളിച്ച്‌ മാറ്റണമെന്ന്‌ 2014 ഫ്രെബുവരി 28 ന്‌ കോര്‍പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, അത്തരത്തിലൊരു നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ്‌ പരാതിക്കാരന്‍ വിജിലന്‍സ്‌ കോടതിയെ സമീപിച്ചത്‌.