കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) നേത്യത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ദ്വീപുകളേയും നദികളേയും നഗരവുമായി സംയോജിപ്പിക്കുന്നതാണ് ഈ പദ്ധതി.
കൊച്ചി നഗരത്തിന്റെ വടക്കു പടിഞ്ഞാറും, തെക്ക് ഭാഗങ്ങളില്‍ ഉളള ദ്വീപുകളേയും, കൊച്ചിയുടെ കിഴക്ക് കടമ്പ്രയാര്‍, ചിത്രപുഴ എന്നീ നദികള്‍ സംയോജിക്കുന്ന ചമ്പക്കര കനാലിന്റെ ഇരുകരകളേയും ബന്ധിപ്പിക്കും. കടമക്കുടിക്ക് പുറമേ മുളവുകാട്, എളങ്കുന്നപ്പുഴ, വരാപ്പുഴ, തൃക്കാക്കര, കുമ്പളം പഞ്ചായത്തുകള്‍ക്കും മരട്, ചേരാനല്ലൂര്‍, തൃപ്പൂണിത്തുറ, ഏലൂര്‍ നഗരസഭകള്‍ക്കും കൊച്ചി കോര്‍പറേഷനും വാട്ടര്‍ മെട്രോയുടെ പ്രയോജനം ലഭ്യമാകും.