വിയോജിപ്പിന്റെ വ്യത്യസ്തകളുമായി ബിനാലെയില്‍ ബി എം ആനന്ദിന്റെ ചിത്രപ്രദര്‍ശനം തുടങ്ങി

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (14:13 IST)
മുതലാളിത്തവ്യവസ്ഥിതിക്കും നവസാമ്രാജ്യത്വത്തിനും കച്ചവടവത്കരണത്തിനും ആണവായവുധങ്ങള്‍ക്കും എതിരെ രൂക്ഷമായി പ്രതികരിച്ചിരുന്ന  വിമതചിത്രകാരനായ  ബ്രിജ് മോഹന്‍ ആനന്ദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളുടെ പ്രദര്‍ശനം കൊച്ചി മുസിരിസ് ബിനാലെയുടെ പാര്‍ശ്വ പരിപാടിയായി ആരംഭിച്ചു.
 
മാര്‍ച്ച് 29 വരെ നീളുന്ന പ്രദര്‍ശനം പ്രശസ്ത ചലച്ചിത്രകാരനായ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്തു. ആനന്ദിനെപ്പോലെ  അറിയപ്പെടാതിരുന്ന  ചിത്രകാരന്മാരുടെ സൃഷ്ടികളാണ് സാധാരണക്കാരുടെ കാഴ്ചപ്പാടിലൂടെ അവരുടെ കാലഘട്ടത്തിന്റെ ചരിത്രരേഖകളായി മാറുന്നതെന്ന് ഷാജി പറഞ്ഞു. ഈ സൃഷ്‌ടികളിലെ മാനവികമായ പ്രമേയങ്ങള്‍ സാമൂഹ്യമാറ്റത്തോടുള്ള കലാകാരന്മാരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഈ മഹത്വത്തെ തിരിച്ചറിയുന്നുവെന്നാണ് ബിനാലെയുടെ പ്രധാന ഘടകങ്ങളിലൊന്ന് എന്ന് ഷാജി പറഞ്ഞു. 
 
വിയോജിപ്പ് എന്ന ആശയത്തേയും പൊതുഭാഷണത്തിലും സര്‍ഗാത്മകതയിലും പുരോഗതിയിലും അതിന്റെ പ്രാധാന്യത്തേയും കുറിച്ചു സംവദിക്കുന്ന 'ഡിസെന്റ് ആന്‍ഡ് ഡിസ്‌കോഴ്‌സ് : ദി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ബ്രിജ് മോഹന്‍ ആനന്ദ്' എന്ന പ്രദര്‍ശനത്തില്‍ വിവിധ മാധ്യമങ്ങളിലായുള്ള അര്‍ഥപൂര്‍ണമായ സൃഷ്ടികളുണ്ട്. 10 സ്‌ക്രാച്ച്‌ബോര്‍ഡ് ചിത്രങ്ങള്‍, 10 സ്‌ക്രാച്ച്‌ബോര്‍ഡ് സ്‌കെച്ച് ചിത്രങ്ങള്‍‍, 13 ചിത്രങ്ങളുടെ മൂന്ന് സെറ്റുകള്‍, പേപ്പറില്‍ ജലച്ചായത്തിലും മഷിയിലും വരച്ച ചിത്രം, ക്യാന്‍വാസില്‍ എണ്ണച്ചായത്തില്‍ വരച്ച ചിത്രം എന്നിവയാണ് പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം. പ്രദര്‍ശനസമയം രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ്. 
 
ബിഎം ആനന്ദ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന പ്രദര്‍ശനത്തില്‍ ഫൗണ്ടേഷന്‍ സഹസ്ഥാപക നീരജ് ഗുലാത്തി, ആനന്ദിന്റെ പൗത്രി കീര്‍ത്തി ആനന്ദ് എന്നിവര്‍ പ്രദര്‍ശന സൃഷ്ടികളുടെ വിവരണപ്പട്ടിക  ഷാജിക്ക് സമ്മാനിച്ചു. അഞ്ചുപതിറ്റാണ്ടോളം ഏറെയൊന്നും അറിയപ്പെടാതെയിരുന്ന മാസ്റ്റര്‍ ആര്‍ട്ടിസ്റ്റിന്റെ സൃഷ്ടികളുടെ പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍ യുവഗവേഷകയും എഴുത്തുകാരിയുമായ ശ്രുതി ഐസക്കാണ്. 
Next Article