ഫോര്‍ട്ട് കൊച്ചി ബോട്ടപകടവുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭയില്‍ നിരാഹാരമിരുന്ന പ്രതിപക്ഷ കൌണ്‍സിലര്‍മാരെ പൊലീസ് അറസ്റ് ചെയ്തു നീക്കി. പ്രതിപക്ഷ കൌണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ്, ശ്രീജിത്ത് എന്നിവരെയാണു പൊലീസ് കൌണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ നിന്നും അറസ്റ്റ് ചെയ്തു നീക്കിയത്.
കൊച്ചി നഗരസഭ കൌണ്‍സില്‍ യോഗത്തിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പൊലീസിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്കിയത്. കൌണ്‍സില്‍ യോഗം തടസപ്പെടുത്താന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നഗരസഭ കൌണ്‍സില്‍ യോഗം ചേരേണ്ടത് ഭരണഘടനാപരമായ നടപടിയാണ്. ഇത് തടസപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇക്കാരണത്താല്‍ മതിയായ സംരക്ഷണം പൊലീസ് കൌണ്‍സില്‍ യോഗത്തിന് നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
തുടര്‍ച്ചയായി നഗരസഭ കൗണ്‍സില്‍ യോഗം പ്രതിപക്ഷം തടസപ്പെടുത്തുന്നതിന് എതിരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു.