ദുരിതാശ്വാസ നിധിക്ക് നൽകിയത് നേർച്ചപ്പെട്ടിയിൽ ഇടുന്ന പണമല്ല, പ്രതികരണവുമായി കെ എം ഷാജി

Webdunia
വ്യാഴം, 16 ഏപ്രില്‍ 2020 (12:00 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട പണമല്ലെന്ന് ലീഗ് എംഎൽഎ കെ എം ഷാജി.മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ വിമർശനത്തിനാണ് ഷാജിയുടെ മറുപടി.ശമ്പളമില്ലാത്ത എംഎൽഎ ആയിട്ടും താൻ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നെന്നും സഹായം നൽകിയാൽ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും എംഎൽഎ ചോദിച്ചു.
 
ഷാജിയുടേത് വികൃതമനസ്സാണോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല ജനങ്ങളാണ്. സിപിഎം എംഎൽഎ ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡ പ്രകാരമാണ്.സർക്കാർ പണമാണ് ഷുക്കൂറിന്റെയും ഷുഹൈബിന്റെയും കേസ് വാദിക്കാനയി നൽകിയത്. ഇതിന്റെ ഔദ്യോഗിക കണക്കുകൾ എന്റെ കയ്യിലുണ്ട്. മുഖ്യമന്ത്രി അത് ദുരിതാശ്വാസ ഫണ്ടിൽ നിന്നല്ലെന്ന് പറയുന്നു എങ്കിൽ അത് എവിടെ നിന്നാണ് നൽകിയതെന്നും ഷാജി ചോദിച്ചു.
 
പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുതെന്നും ദുരിതാശ്വാസനിധിയിൽ നിന്നും പണം വഴി തിരിച്ചുപയോഗിച്ചെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article