മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് കോടിയേരി

Webdunia
തിങ്കള്‍, 29 ജൂണ്‍ 2015 (11:49 IST)
ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബാര്‍ കേസില്‍ നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമാണ്. നിയമോപദേശം പണം കൊടുത്ത് വാങ്ങിയതാണെന്നും നിയമോപദേശം തേടിയത് ഉന്നത ഇടപെടല്‍ നടന്നു എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് രാജ്‌ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കും. അതേസമയം, ബാര്‍കോഴ കേസില്‍ ആഭ്യന്തരമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയത് ആരെന്നും കോടിയേരി ചോദിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു ബാര്‍കോഴ കേസില്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത്.