സെക്രട്ടറിയേറ്റിൽ വെച്ചു ബാബുവിന് 50 ലക്ഷം രൂപ നൽകി: ബിജു രമേശ്
ബുധന്‍, 11 നവംബര്‍ 2015 (11:55 IST)
എക്സൈസ് മന്ത്രി കെ ബാബുവിന് സെക്രട്ടറിയേറ്റിൽ കൊണ്ടുപോയി 50 ലക്ഷം രൂപ നൽകിയെന്നു ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാര്‍ കോഴക്കേസില്‍ തന്റെ മൊഴി പൂര്‍ണ്ണമായും എഴുതിയെടുക്കാന്‍ വിജിലൻസ് തയാറായില്ല. വിജിലൻസ് ഡയറക്‍ടര്‍ വിൻസൻ എം പോളിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നീകമെന്നും ബിജു ആരോപിച്ചു.
തന്നില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കേണ്ടെന്ന് വിൻസൻ എം പോൾ നിര്‍ദേശിക്കുകയായിരുന്നു. താന്‍ പറയുന്നത് സത്യമാണ്. ആവശ്യമെങ്കില്‍ നാർക്കോ അനാലിസിസിന് താന്‍ തയ്യാറാണ്. എന്നാല്‍ ബാബു അതിന് തയാറാണോയെന്നും ബിജു രമേശ് ചോദിച്ചു. ഡിജിപി ജേക്കബ് തോമസിനെയും കുടുക്കാൻ ശ്രമം നടക്കുന്നുണ്ട്. അടുത്ത ദിവസം താന്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുടമകളുടെ പക്കല്‍ നിന്നും ലഭിച്ച പണം ബാബുവിന് നല്‍കിയ വിവരം ബാറുടമകളായ പോളക്കുളം കൃഷ്ണദാസിനും എലഗൻസ് ബിനോയിക്കും വ്യക്തമായി ആറിയാം. ലൈസൻസ് കിട്ടിയവരിൽ നിന്നും 20 ലക്ഷം രൂപ പിരിച്ചത് ബിനോയിയാണ്. മാന നഷ്‌ട കേസ് പിന്‍വലിക്കാന്‍ താന്‍ ദൂതന്മാരെ ബാബുവിന്റെ അടുത്തേക്ക് അയച്ചിട്ടില്ല. താന്‍ അങ്ങനെ ആളെ വിട്ടുവെങ്കില്‍ അത് ആരാണെന്നും ബാബു വ്യക്തമാക്കണമെന്നും ബിജു രമേശ് പറഞ്ഞു.