മാണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഡിഎഫ്; തദ്ദേശ സ്ഥാപനങ്ങളിൽ കേരളാ കോൺഗ്രസുമായുള്ള ഐക്യം തുടരുമെന്ന് ചെന്നിത്തല

ബുധന്‍, 10 ഓഗസ്റ്റ് 2016 (18:57 IST)
തദ്ദേശ സ്ഥാപനങ്ങളിൽ കേരളാ കോൺഗ്രസുമായി (എം) ധാരണ തുടരണമെന്നാണ്​ യുഡിഎഫ്​ തീരുമാനമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തൽസ്‌ഥിതി തുടരാനാണ് കേരള കോൺഗ്രസിന് ആഗ്രഹമെങ്കിൽ യുഡിഎഫിന് എതിർപ്പില്ല. യുഡിഎഫ് വിടാനുള്ള തീരുമാനം കേരളാ കോൺഗ്രസ് പുനഃപരിശോധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​ ആരോടും വല്യേട്ടൻ മനോഭാവം കാണിച്ചിട്ടില്ല. യുഡിഎഫ് വിടാനുള്ള തീരുമാനം കേരളാ കോൺഗ്രസ് ഒറ്റയ്‌ക്കെടുത്തതാണ്. ഈ നടപടി തെറ്റിദ്ധാരണ മൂലമാണ്. ഏകപക്ഷീയമായി ഒരു കാര്യവും ഘടകക്ഷികളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. തൽസ്ഥിതി കേരളാ കോൺഗ്രസിന് തുടരാനാണ് ആഗ്രമെങ്കിൽ യുഡിഎഫിന് എതിർക്കേണ്ടതില്ലെന്നും ചെന്നിത്തല പറ‍ഞ്ഞു.

മാണിയെ കൂടുതൽ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ നടത്തേണ്ടെന്നും യോഗത്തിൽ തീരുമാനമായി. മാണി തിരിച്ചു വരുന്നതിനുള്ള സാദ്ധ്യത നിലനിറുത്തണമെന്ന് ഘടകകക്ഷികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്താനും ധാരണയായിട്ടുണ്ട്. സെപ്തംബർ ഒന്നിന് യുഡിഎഫ് യോഗം കന്റോൺമെന്റ് ഹൗസിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്. മുന്നണിയുടെ ​ഐക്യം ശക്​തിപ്പെടുത്താനുള്ള കാര്യങ്ങൾ ഇന്നത്തെ യുഡിഎഫ്​ യോഗം ചർച്ച ചെയ്​തെന്ന്​ രമേശ്​ ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക