നികുതി ഇളവ് ചെയ്ത് ഖജനാവിന് നഷ്‌ടം വരുത്തിയിട്ടില്ല; ആരോപണത്തില്‍ കഴമ്പില്ലെന്ന് കെ എം മാണി

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (07:46 IST)
തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ ധനമന്ത്രി കെ എം മാണി. നികുതി ഇളവു ചെയ്ത് ഖജനാവിന് നഷ്‌ടം വരുത്തിയെന്ന ആരോപണം നിഷേധിച്ച മാണി ആരോപണത്തില്‍ കഴമ്പില്ലെന്നും ഏകപക്ഷീയമായി ഒരു ഇളവും നല്കിയിട്ടില്ലെന്നും വ്യക്തമാക്കി.
 
നിയമസഭയുടെ അംഗീകാരത്തോടെയാണ് എല്ലാ ഇളവുകളും പാസാക്കിയത്. സ്വന്തം നിലയ്ക്ക് നികുതി ചുമത്താനും ഇളവ് അനുവദിക്കാനും ധനമന്ത്രിക്ക് അധികാരമില്ലെന്നും മാണി പറഞ്ഞു. നികുതി ഇളവുചെയ്ത് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയിൽ വിജിലൻസ് മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡർ) ഉണ്ടാക്കുന്ന യൂണിറ്റിന് മുൻകാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരായ പുതിയ ആരോപണം.

വെബ്ദുനിയ വായിക്കുക