ആരും വിരട്ടാന്‍ നോക്കണ്ട; യുഡിഎഫ് മുന്നണിക്കകത്ത് ഒരുപാട് വേദനകള്‍ അനുഭവിച്ചു; സ്നേഹവും വിശ്വാസവും സഹായവും ഇല്ലാതായി; കേരള കോണ്‍ഗ്രസിനെ ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരും; ഒരു വഴി തുറന്നു കിട്ടിയാല്‍ അതുവഴി പോകുമെന്നും കെ എം മാണി

ജെ ജെ
ശനി, 6 ഓഗസ്റ്റ് 2016 (16:18 IST)
തങ്ങളെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും കേരള കോണ്‍ഗ്രസിനെ ആവശ്യമുള്ളവര്‍ ഇങ്ങോട്ടു വരുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് (എം) ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് ഇങ്ങോട്ട് വരാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ചിലരൊക്കെ പറയുന്നതു കേട്ടു.  കേരള കോണ്‍ഗ്രസിനെ ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരും, കേരള കോണ്‍ഗ്രസിനെ ആര്‍ക്കും തോല്പിക്കാനാകില്ല. ചാടിയിട്ട് മുന്തിരിങ്ങ കിട്ടാതായപ്പോള്‍ മുന്തിരിങ്ങ പുളിക്കും എന്നു പറയുന്ന നിലപാടാണ് ചിലര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
 
കോണ്‍ഗ്രസ് വളരെ അസഹിഷ്‌ണുതയോടെ ആയിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവിയെ കണ്ടത്. 1964ല്‍ കേരള കോണ്‍ഗ്രസ് പിറന്നപ്പോള്‍ വെറും ആറുമാസക്കാലം മാത്രം ആയിരിക്കും ആയുസെന്ന് കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദന്‍ മേനോന്‍ പറഞ്ഞിരുന്നു. 1965 മാര്‍ച്ച് മാസം സൂര്യനസ്തമിക്കുന്ന സമയം വരെ മാത്രമാണ് കേരള കോണ്‍ഗ്രസ് ഉണ്ടാകുകയുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. എന്നാല്‍, കേരളം കണ്ടത് അമ്പതു വര്‍ഷക്കാലം സൂര്യപ്രഭയോടു കൂടി പാര്‍ട്ടി ഇരിക്കുന്നതാണ്. 
 
തങ്ങളെ വിരട്ടാന്‍ ആരും നോക്കണ്ട. ആരെയും വിരട്ടാന്‍ ലക്‌ഷ്യവുമില്ല. അടിമത്ത മനോഭാവമില്ല.  സ്വതന്ത്രമായ നിലപാടാണ് കേരള കോണ്‍ഗ്രസിന്റേത്. ഇഷ്യു ബേസ്ഡ് നിലപാടാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസ് ശരി ചെയ്താല്‍ ഒപ്പം നില്ക്കും. തെറ്റ് ചെയ്താല്‍ എതിര്‍ക്കും. ഇടതുപക്ഷം തെറ്റു ചെയ്താല്‍ നിശിതമായി നിലകൊള്ളും, നല്ലതു ചെയ്താല്‍ നല്ലതാണെന്നും തെറ്റു ചെയ്താല്‍ തെറ്റാണെന്നും പറയും. സമദൂരമാണ് തങ്ങളുടെ നിലപാട് എന്നും മാണി പറഞ്ഞു.
 
പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ നിലപാടുകള്‍ പുനപരിശോധിക്കേണ്ട ഒരു ഘട്ടം വന്നിരിക്കുകയാണ്. യു ഡി എഫ് മുന്നണിക്കകത്ത് ഒരുപാട് വേദനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പരസ്പരം സ്നേഹവും വിശ്വാസവും സഹായവും ഇല്ലാതെ വന്നാല്‍ എന്തു ചെയ്യുമെന്നും എന്തെല്ലാം ആക്ഷേപങ്ങള്‍ നമ്മള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്നും മാണി ചോദിച്ചു.
 
ബഡ്‌ജറ്റ് വിറ്റ മാണി എന്നാണ് പറഞ്ഞത്. എന്ത് വൃത്തിക്കേടുകള്‍ ഒക്കെയാണ് എതിരാളികള്‍ പ്രചരിപ്പിച്ചിട്ടുള്ളത്. കര്‍ഷകകരുടെ മുതുകില്‍ നിന്ന് നികുതിയുടെ ഉപ്പുചാക്ക് എടുത്തുമാറ്റിയത് കേരള കോണ്‍ഗ്രസിന്റെ ബജറ്റുകളാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ നില്‌ക്കുന്നെങ്കില്‍ അതിന് കാരണം കേരള കോണ്‍ഗ്രസ് അവതരിപ്പിച്ച 12 ബജറ്റുകളാണ്.
 
കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ആദ്യമായി ഇന്ത്യയില്‍ പെന്‍ഷന്‍ കൊണ്ടുവന്നത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഒരു കിലോഗ്രാം റബ്ബറിന് 150 രൂപ ഉറപ്പുവരുത്തി. പാവപ്പെട്ടവന്റെ നെടുവീര്‍പ്പ് മനസ്സിലാക്കിയവനാണ് കേരള കോണ്‍ഗ്രസ്. ഈ രീതിയിലാണ് കേരള കോണ്‍ഗ്രസ് കേരളത്തിലെ കൃഷിക്കാരെ രക്ഷിച്ചത്.
 
ആരും വിരട്ടാന്‍ പോകണ്ട എന്ന് തിരിച്ചടിച്ചത് അതുകൊണ്ടാണ്. ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പൊയ്ക്കോളും. നല്ല വഴി തുറന്നു കിട്ടിയാല്‍ അതു വഴി പോകും. നാളെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗഹനമായ ആലോചന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Article