ചുംബനസമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

Webdunia
ഞായര്‍, 2 നവം‌ബര്‍ 2014 (17:06 IST)
സദാചാര പൊലീസിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ചുംബന സമരത്തില്‍ പങ്കെടുക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
എറണാകുളം ലോ കോളേജിന് മുന്നില്‍ വച്ചാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ലോ കോളേജിലെ വിദ്യാര്‍ഥി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച് പ്രകടനം ആരംഭിച്ചെങ്കിലും മുന്നോട്ട് നീങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. 
 
സമരത്തില്‍ പങ്കെടുക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ തേവര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ മറൈന്‍ ഡ്രൈവില്‍ കൂടിയിരിക്കുന്ന ആളുകളെയും പൊലീസ് ഒഴിപ്പിച്ചു. 

പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സമരക്കാര്‍ക്ക് മറൈന്‍ഡ്രൈവിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു. ഇതോടെയാണ് സമരക്കാര്‍ ലോ കോളജിന് സമീപം ഒത്തു ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
വലിയ പ്രതിഷേധമാണ് സമരത്തിനെതിരെ ഉയര്‍ന്നത്. ചുംബന സമരം അഞ്ചുമണിക്ക് മറൈന്‍ഡ്രൈവില്‍ നടക്കാനിരിക്കെ യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്ഡി സിപി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം തടഞ്ഞു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് നടന്നു. കണ്ണു മൂടിക്കെട്ടിയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി മറൈന്‍ഡ്രൈവില്‍   ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. പരിധി വിട്ടാല്‍ കേസ് എടുക്കുമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.