അന്തിയുറങ്ങിയത് രാജവെമ്പാലയ്‌ക്കൊപ്പം; ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ ഷിബു

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (10:37 IST)
പതിനാലു കിലോയിലധികം ഭാരമുള്ള രാജവെമ്പാലയ്‌ക്കൊപ്പം ഒരു രാത്രി വീട്ടില്‍ കഴിഞ്ഞതിന്റെ ഞെട്ടലിലാണ് കുളക്കണ്ടം പുത്തന്‍ പുരയ്ക്കല്‍ ഷിബു. ആയുസിന്റെ ബലത്തില്‍ അത്യാപത്തൊന്നും സംഭവിക്കാതിരുന്നതിന്റെ ആശ്വാസമുണ്ടെങ്കിലും കൂറ്റന്‍ പാമ്പിനെ കണ്ട ഞെട്ടലും മാറിയിട്ടില്ല. 
 
വസ്ത്രം മാറാന്‍ രാവിലെ കിടപ്പു മുറിയില്‍ കയറിയപ്പോഴാണ് കട്ടിലിനടിയില്‍ നിന്നും ചീറ്റല്‍ കേട്ടത്. നോക്കിയപ്പോള്‍ കട്ടിലിനടിയില്‍ കൂറ്റന്‍ പാമ്പ്. ഉടന്‍ പുറത്തേക്കോടിയ ഷിബു അയല്‍ക്കാരെയും വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയെയും വിവരം അറിയിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെഎ അബ്ദുള്‍സലാമിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി പാമ്പ് രാജവെമ്പാലയാണെന്ന് സ്ഥിരീകരിച്ചു. 
 
ഉടന്‍ കോട്ടയ്ക്കല്‍ നേച്ചര്‍ ക്ലബ്ബിലെ ഹസന്‍കുട്ടിയെ വരുത്തി പാമ്പിനെ പിടികൂടി. അഞ്ചര മീറ്റര്‍ നീളമുള്ള രാജവെമ്പാലയ്ക്ക് 14 കിലോഗ്രാം ഭാരമുണ്ട്. കുതിരപ്പുഴയുടെ സമീപത്താണ് ഷിബുവിന്റെ വീട് അതിനാല്‍ പാമ്പ് പുഴയിലൂടെ ഒഴുകിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. പാമ്പിനെ പിന്നീട് നാടുകാണി ചുരത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് വിട്ടയച്ചു. 
 
 
 
 
 
Next Article