തിമിര്‍ത്ത് പെയ്ത് മഴ; കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നു, അതീവ ജാഗ്രത

രേണുക വേണു

ഞായര്‍, 14 ജൂലൈ 2024 (19:28 IST)
സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കും നാളെ (ജൂലൈ 15) അതിതീവ്ര മഴയ്ക്കും സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാര്‍ഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍  കാറ്റ് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി  ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കുക. 
 
കേരള തീരത്ത് ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത പരമാവധി മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വീശാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥ ആയതിനാല്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
ജൂലൈ 15 നാളെ മൂന്നിടത്ത് റെഡ് അലര്‍ട്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളത്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍