കേരളം ഇന്ത്യയുടെ റെസ്പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാകുമെന്ന് മന്ത്രി പി. രാജീവ്

ശ്രീനു എസ്
ശനി, 17 ജൂലൈ 2021 (11:42 IST)
റെസ്പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്മെന്റില്‍ കേരളത്തിനുമുന്നില്‍ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും, കേരളം ഇന്ത്യയുടെ റെസ്പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരം ജില്ലയിലെ സംരംഭകര്‍ക്കായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
 
ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും ഇന്നു റെസ്പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്മെന്റ് മേഖലയിലായാണു നടക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളും കോര്‍പ്പറേറ്റ് ഗവേണന്‍സ് ക്വാളിറ്റിയും അധിഷ്ഠിതമായാണ് റെസ്പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്മെന്റ് നടക്കുന്നത്. ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഇന്നു കേരളത്തിലുണ്ട്. പുറമേനിന്നു വലിയ നിക്ഷേപ സാധ്യതകളാണു കേരളത്തിലേക്കെത്തുന്നത്. സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തില്‍ കേരളത്തിനു വലിയ മുതല്‍ക്കൂട്ടാണ്.
 
കേരളത്തിന്റെ വ്യവസായ രംഗത്തു വലിയ മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കിന്‍ഫ്ര പാര്‍ക്ക് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. മാലിന്യ സംസ്‌കരണത്തിലടക്കം അത്യാധുനിക സംവിധാനങ്ങള്‍ കേരളത്തിലെ കിന്‍ഫ്ര പാര്‍ക്കുകളിലുണ്ട്. ഇവിടെ സ്ഥാപനം തുടങ്ങാന്‍ തയാറായി ഒരാള്‍ എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ വൈദ്യുതി ലഭിക്കും. ഇതിനുള്ള സബ്സിഡിയറി കമ്പനി കിന്‍ഫ്രയ്ക്കു കീഴിലുണ്ട്. ഇത്തരം കാര്യങ്ങള്‍കൂടി മുന്‍നിര്‍ത്തിയാണു ബംഗളൂരു - കൊച്ചി വ്യവസായ ഇടനാഴിയില്‍ കിന്‍ഫ്രയും ഭാഗമാകുന്നത്. ഇത്തരം വലിയ മാറ്റങ്ങളാണു കേരളത്തിന്റെ വ്യവസായ മേഖലയില്‍ സംഭവിക്കുന്നത്. പക്ഷേ പല കാര്യങ്ങളിലും വ്യവസായ സമൂഹത്തിനു വേണ്ടത്ര അവബോധമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഇതിനുള്ള അടിയന്തര ശ്രമങ്ങള്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article