കേരളത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടിയിരിക്കുകയാണ്. സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും ഒരു മാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഖജനാവിനും ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ ശമനം വരാതെ ഇനി സംസ്ഥാനത്തെ ബാറുകളും മദ്യശാലകളും തുറക്കില്ല. സിനിമ തിയറ്ററുകളുടെ കാര്യവും ഇങ്ങനെ തന്നെ.
മൊബൈല്‍ ആപ്പ് വഴിയുള്ള മദ്യവിതരണം സര്‍ക്കാരിന്റെ ആലോചനയില്ലെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ സജ്ജീകരണമൊരുക്കിയിരുന്നു. എന്നാല്‍, ഇത്തവണ അതും ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗുരുതര സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കല്ലാതെ ഇളവുകള്‍ ഉടന്‍ അനുവദിക്കില്ല. ജൂണ്‍ ഒന്‍പതിന് ലോക്ക്ഡൗണ്‍ അവസാനിച്ചാലും മദ്യവില്‍പ്പന ശാലകളും ബാറുകളും സിനിമാ തിയറ്ററുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാത്തിരിക്കേണ്ടിവരും. ജൂണ്‍ 20 നു ശേഷം മാത്രമേ മദ്യശാലകളും ബാറുകളും തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കൂ. മദ്യശാലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ ആകുകയും പ്രതിദിന രോഗികളുടെ എണ്ണം നന്നായി കുറയുകയും ചെയ്താല്‍ മാത്രമേ മദ്യവില്‍പ്പന ശാലകളും ബാറുകളും തിയറ്ററുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കൂ. ചിലപ്പോള്‍ ജൂണ്‍ മാസം മുഴുവന്‍ ഇവ അടച്ചിടേണ്ടിവരും. രോഗവ്യാപനം പിടിച്ചുനില്‍ത്തിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നതിനാലാണ് നിയന്ത്രണം ഇത്ര കര്‍ശനമാക്കുന്നത്.
മേയ് 30 നാണ് നിലവിലെ ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടത്. എന്നാല്‍, ഇത് വീണ്ടും നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ ഒന്‍പത് വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. അവശ്യ വിഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഉപാധികളോടെ ഒഴിവാക്കും. രോഗനിയന്ത്രണം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പോലെ സാധ്യമായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടേണ്ട സ്ഥിതിവിശേഷമുണ്ടാകും.