കെകെ ശൈലജടീച്ചറിനെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരികളടക്കമുള്ള സ്ത്രീകള്‍ പരസ്യ പ്രസ്താവന നടത്തി

ശ്രീനു എസ്
ശനി, 20 ജൂണ്‍ 2020 (19:12 IST)
ആരോഗ്യമന്ത്രി കെകെ ശൈലജടീച്ചറിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരികളടക്കമുള്ള സ്ത്രീകള്‍ പരസ്യപ്രസ്താവന നടത്തി. ഇത് കേരളത്തിലെ സ്വാഭിമാന ബോധമുള്ള സ്ത്രീകള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതല്ലെന്നും ശൈലജ ടീച്ചര്‍ നിപ രാജകുമാരിയാവാനും കോവിഡ് മഹാറാണിയാവാനും ശ്രമിക്കുകയാണ് എന്നുള്ള ലിംഗാധികാര അക്രമാസക്തി വെളിവാക്കുന്ന അധിക്ഷേപങ്ങളോട് കേരളത്തിലെ സ്ത്രീകള്‍  പ്രതികരിക്കുന്നത് നടുക്കത്തോടെയും വേദനയോടെയും അങ്ങേയറ്റം പ്രതിഷേധത്തോടെയുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
 
എല്ലാ മേഖലകളിലും വിശേഷിച്ച് രാഷ്ട്രീയരംഗത്ത്  നേതൃത്വശേഷിയും സുതാര്യതയും സത്യസന്ധതയും വൈഭവവമുള്ള സ്ത്രീകള്‍ക്ക് നേരെ ഇത്തരം പരസ്യമായ ആക്രമണങ്ങള്‍ ഇതാദ്യമല്ല. ഭൂപരിഷ്‌ക്കരണ നിയമത്തിന് നേതൃത്വം കൊടുത്ത, കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ നേതാവ്  ഗൗരിയമ്മക്കു നേരെയുണ്ടായ ആഭാസകരമായ ജാതി, ലൈംഗിക അക്രമാസക്തി  നിറഞ്ഞ കുപ്രസിദ്ധമായ മുദ്രാവാക്യവിളികള്‍ ഞങ്ങള്‍ സ്ത്രീകള്‍ ഒരു കാലത്തും മറക്കുകയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. സാറാ ജോസഫ്, കെ. അജിത, സി.എസ്. ചന്ദ്രിക, എസ്. ശാരദക്കുട്ടി, മാനസി, ബി.എം. സുഹറ, സിതാര എസ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article