ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്‌മി നായർക്ക് കേരള സർവകലാശാല സിൻഡിക്കറ്റ് അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. പരീക്ഷ ജോലികളിൽനിന്നാണ് വിലക്കിയിരിക്കുന്നത്. പ്രിൻസിപ്പലിനെതിരെ കൂടുതൽ നടപടി സർക്കാറിനും മാനേജ്മെന്‍റിനും തീരുമാനിക്കാം. സിൻഡിക്കേറ്റ് യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം സർക്കാരിന് വിടാൻ തീരുമാനിച്ചത്.
ഇന്റേണൽ അസസ്മെന്റിലും പരീക്ഷ നടത്തിപ്പിലും ലക്ഷ്‌മി നായർക്ക് ഇടപെടാനാകില്ല. പരീക്ഷക്കിടെ വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കരുത്, വനിതാ ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഉടൻ നീക്കം ചെയ്യണമെന്നും സിൻഡിക്കേറ്റ് നിർദേശിച്ചു.
ഭാവി മരുമകൾ അനുരാധ പി നായർക്ക് ഇന്റേണൽ മാർക്ക് കൂട്ടി നൽകിയതിനെക്കുറിച്ചും അന്വേഷത്തിന് ഉത്തരവിട്ടു. പരീക്ഷാ അച്ചടക്കസമിതിയാകും ഇതു സംബന്ധിച്ച അന്വേഷണം നടത്തുക. പരീക്ഷാ നടത്തിപ്പുകളും മാർക്ക് ദാനവും സിൻഡിക്കേറ്റ് ഉപസമിതിയും അന്വേഷിക്കും.
ലോ അക്കാദമി വിഷയത്തിൽ ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ സിൻഡിക്കേറ്റിലെ ഒമ്പത് അംഗങ്ങൾ അനുകൂലിച്ചു. ആറ് പേർ എതിർത്തു. അഞ്ച് കോൺഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവുമാണ് പ്രമേയത്തെ എതിർത്തത്. രണ്ട് അംഗങ്ങൾ വിട്ടു നിന്നു. ഒരു കോൺഗ്രസ് അംഗവും മുസ് ലിം ലീഗ് അംഗവുമാണ് വിട്ടു നിന്നത്.