ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി പാടുപെടും; പുതിയ നിയമങ്ങളുമായി മോട്ടോർ വാഹനവകുപ്പ്

വ്യാഴം, 16 ഫെബ്രുവരി 2017 (19:28 IST)
ഡ്രൈവിങ് ടെസ്റ്റില്‍ വിജയിക്കാന്‍ അപേക്ഷകർ ഇനി കൂടുതൽ വിയര്‍ക്കേണ്ടി വരും. ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. 
 
ഡ്രൈവിങ് പരീക്ഷയിൽ ‘എച്ച്’ എടുക്കുന്ന സമയത്ത് അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയിൽനിന്നു രണ്ടര അടിയായി കുറച്ചു. അതുപോലെ വാഹനം റിവേഴ്സ് എടുക്കുമ്പോൾ വളവുകൾ തിരിച്ചറിയാനായി കമ്പിയിൽ ഡ്രൈവിങ് സ്കൂളുകാർ അടയാളം വയ്ക്കുന്ന പഴയ പതിവും ഇനി ഉണ്ടാകില്ല. 
 
റിവേഴ്സ് എടുക്കുന്ന സമയത്ത് തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ ഇനിമുതല്‍ അനുവാദമുണ്ടാകില്ല. അകത്തെയും വശങ്ങളിലെയും കണ്ണാടി നോക്കി വേണം ഇനി റിവേഴ്സ് എടുക്കേണ്ടത്. വരുന്ന തിങ്കളാഴ്ച മുതലാണ് ഈ തീരുമാനം നടപ്പിലാകുക.
 
രണ്ടു വാഹനങ്ങൾക്കിടയില്‍ നമ്മുടെ വാഹനം പാർക്ക് ചെയ്യാനാകുമോയെന്നു പരീക്ഷിക്കുന്ന റിവേഴ്സ് പാർക്കിങ് ടെസ്റ്റ് ഉണ്ടാകും.  നമ്മുടെ നാട്ടിലെ പാർക്കിങ് പ്രശ്നങ്ങൾ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണു ഈ പുതിയ പരീക്ഷ കൊണ്ടുവരുന്നത്.
 
നിലവിലുള്ള ‘എച്ച്’ ടെസ്റ്റിനുശേഷം റോഡ് ടെസ്റ്റ് നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധമില്ല. എന്നാല്‍, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിർത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതോടൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിച്ചു കാണിക്കേണ്ടി വരും.
 
ഇപ്പോൾ ചിലയിടങ്ങളിൽ ക്യാമറകളുടെ സഹായത്തോടെ ടെസ്റ്റ് നടത്താറുണ്ട്. പുതിയ നിയമമനുസരിച്ച് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ ഇതോടെ സംസ്ഥാന വ്യാപകമായി സെൻസറും ക്യാമറയും വ്യാപകമാക്കും. 

വെബ്ദുനിയ വായിക്കുക