ജയിൽശിക്ഷ അനുഭവിയ്ക്കുന്നവരുടെ പെൺമക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (09:01 IST)
തിരുവനന്തപുരം: മാതാപിതാക്കൾ ജെയിലിലായ പെൺമകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ. രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ കാലമായി തടവില്‍ക്കഴിയുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 30,000 രൂപയാണ് സാമൂഹികനീതി വകുപ്പ് ധനസഹായമായി നൽകുക. അച്ഛനോ അമ്മയോ തടവിലായാല്‍ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി കാരണം പെണ്‍മക്കളുടെ വിവാഹം മുടങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
 
ബിപിഎൽ കുടുംബത്തിൽപ്പെട്ടവർക്കാണ് ഈ ധനസാഹായം ലഭിയ്ക്കുക. ഒരാളുടെ രണ്ട് പെണ്‍മക്കള്‍ക്കുവരെ ഈ ആനുകൂല്യം ലഭിക്കും. വിവാഹത്തിന് ആറുമാസത്തിനുശേഷം ഒരുവര്‍ഷത്തിനകം സഹായത്തിന് അപേക്ഷിക്കാം. ജയില്‍ സൂപ്രണ്ടുമാര്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പരിശോധിച്ച്‌ സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ അപേക്ഷകളില്‍ തീരുമാനമെടുക്കും. 20 പേര്‍ക്ക് സഹായധനം നല്‍കാന്‍ ഇതിനോടകം സാമൂഹികനീതി വകുപ്പ് അനുമതി നല്‍കി. ഒരിക്കല്‍ സഹായം ലഭിച്ചവര്‍ വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം നടത്തിയാല്‍ സഹായധനത്തിന് അര്‍ഹതയുണ്ടാവില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍