സെയിൻ ഹോട്ടലിൽ നേരത്തെയും ഭക്ഷ്യവിഷബാധ, ആറുമാസം മുൻപ് അടപ്പിച്ചു, തുറന്ന് പ്രവർത്തിച്ചതിന് ശേഷം ഒരു ജീവനെടുത്തു

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (13:09 IST)
തൃശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീ മരിച്ച്ച സംഭവത്തില്‍ സെയിന്‍ ഹോട്ടലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തെയും ഭക്ഷ്യവിഷബാധ ഏറ്റിരുന്നതായി സ്ഥലം എംഎല്‍എ ഇ ടി ടൈസണ്‍ പറഞ്ഞു. ആറുമാസം മുന്‍പ് ഇതേ ഹോട്ടലില്‍ ഭക്ഷണം കഴിച്ച 2 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.
 
ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം മയണൈസോ കോഴി ഇറച്ചിയാണോ എന്ന കാര്യം പരിശോധന ഫലം വന്നെങ്കില്‍ മാത്രമെ വ്യക്തമാകു. നിലവില്‍ ആശുപത്രിയിലുള്ളവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. 30 കിലോ അരിയുടെ കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയുണ്ടായ ദിവസം ഹോട്ടലില്‍ പാകം ചെയ്തിരുന്നത്. സെയിന്‍ ഹോട്ടലില്‍ കഴിഞ്ഞദിവസമുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 178 പേരാണ് ചികിത്സ തേടിയിട്ടുള്ളത്. ചികിത്സയിലായിരുന്ന പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ നുസൈബ(56) ആണ് ചൊവ്വാഴ്ച മരിച്ചത്.പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വെച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
 
തിങ്കളാഴ്ച്ചയോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി മോശമായതോടെ ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് മരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍