കേന്ദ്രം തുരങ്കം വെയ്‌ക്കുമോ ?; കേരളത്തിന് 3,500 കോടിയുടെ സഹായം വാഗ്ദാനം ചെയ്‌ത് ലോകബാങ്ക് - കൂടുതല്‍ സഹായം പിന്നാലെ
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (16:16 IST)
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് 500 മില്യണ്‍ ഡോളറിന്‍റെ (3683 കോടി) സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറാണെന്ന് ലോകബാങ്ക്. ഘട്ടങ്ങളായിട്ടാകും പണം നല്‍കുകയെന്നും അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ അടിയന്തര സഹായമായി 55 മില്ല്യണ്‍ ഡോളറിന്റെ (405 കോടി) സഹായം നല്‍കാന്‍ ഒരുക്കമാണെന്നും ലോകബാങ്ക് അറിയിച്ചു.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി കൂടുതല്‍ ധനം കണ്ടെത്തുന്നതിന് സാങ്കേതിക സഹായവും ഉപദേശവും നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി.
അതേസമയം, ലോകബാങ്കിന്റെ സഹായം ലഭിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സംസ്ഥാനത്തിന്‍റെ വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുമതി നല്‍കിയാല്‍ മാത്രമേ ഈ തുക കേരളത്തിന് ലഭിക്കൂ. വിഷയത്തില്‍ കേന്ദ്രം അനുമതി നിഷേധിക്കുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്.
പ്രളയം 54 ലക്ഷം കുടുംബങ്ങളെ ബാധിച്ചുവെന്നാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍. ഇന്നു രാവിലെ സെക്രട്ടേറിയറ്റിലെത്തിയാണ് ബാങ്ക് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്.