മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തത് ജുമാമസ്ജിദിൽ; ‘മൂന്നാം ദിവസം വീണ്ടെടുക്കപ്പെട്ട ദേഹങ്ങളില്‍ അവരുടെ പ്രിയതമനുമൂണ്ടായിരുന്നു‘- ഹൃദയം നോവുന്ന കുറിപ്പ്

വ്യാഴം, 15 ഓഗസ്റ്റ് 2019 (14:15 IST)
ഹൃദയം നുറുങ്ങുന്ന വേദനകളോടെയാണ് പ്രളയാനന്തര അനുഭവങ്ങൾ കേള്‍ക്കേണ്ടി വരുന്നത്. വീടും, സ്ഥലവും, ഉറ്റവരേയും നഷ്ടപ്പെട്ട നിരവധി ആളുകളാണ് നമുക്ക് ചുറ്റിനുമുള്ളത്. ഡോ. ഷിംനയ്ക്കും പറയാനുണ്ട് അത്തരത്തില്‍ കരളലിയിക്കുന്ന ചില കാര്യങ്ങള്‍. ‘കഴിഞ്ഞ മൂന്ന് രാവുകളുടെ പകുതിയും കവളപ്പാറയിലായിരുന്നു. അല്ല, കവളപ്പാറയിലെ അപ്രതീക്ഷിതമായ ആഘാതത്തെ അതിജീവിച്ചവര്‍ക്കൊപ്പമായിരുന്നു’വെന്ന് ഷിംന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
കഴിഞ്ഞ മൂന്ന് രാവുകളുടെ പകുതിയും കവളപ്പാറയിലായിരുന്നു. അല്ല, കവളപ്പാറയിലെ അപ്രതീക്ഷിതമായ ആഘാതത്തെ അതിജീവിച്ചവര്‍ക്കൊപ്പമായിരുന്നു.
 
‘ഞങ്ങളുടെ എല്ലാം പോയി മോളേ’ എന്ന് പറഞ്ഞ് വിങ്ങി പൊട്ടിയവരുടെ കൂടെ കരഞ്ഞു പോയവരാണ് നമ്മളോരോരുത്തരും. മണ്ണില്‍ പൂഴ്ന്ന് പോയൊരാളുടെ നല്ല പാതിയെക്കണ്ടു, അവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനേയും. അവനെ അവര്‍ നെഞ്ചിലമര്‍ത്തിയിരിക്കുന്നു. പനിയെങ്ങനെയുണ്ടെന്ന് പരിശോധിക്കുമ്‌ബോഴെല്ലാം ആ കുഞ്ഞിക്കണ്ണുകളില്‍ ആഴ്ന്ന നിശ്ശബ്ദത മാത്രം. മൂന്നാം ദിവസം വീണ്ടെടുക്കപ്പെട്ട ദേഹങ്ങളില്‍ അവരുടെ പ്രിയതമനുമൂണ്ടായിരുന്നു. കവളപ്പാറ ഒട്ടേറേ കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയിരിക്കുന്നു.
 
കവളപ്പാറയിലെ ഓര്‍മ്മകളുടെ ശ്മശാനത്തില്‍ നിന്നും വീണ്ടെടുക്കുന്ന ശരീരങ്ങള്‍ പോത്തുകല്ല് ജുമാ മസ്ജിദില്‍ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. അന്യമതസ്ഥര്‍ പള്ളിയില്‍ കയറരുതെന്ന് മുറുമുറുക്കുന്നതില്‍ നിന്നും പള്ളി ശുദ്ധിയായി സൂക്ഷിക്കണമെന്നുമൊക്കെ ഉരുവിട്ട് പഠിച്ചവരില്‍ നിന്നും ഇറങ്ങിയോടി നമ്മള്‍ വെറും വെറും മനുഷ്യരാവുകയാണ്. ആ പള്ളിയിലെ പണ്ഢിതരെയും ഇന്നലെ കണ്ടിരുന്നു. എല്ലാവരെയും ആശ്വസിപ്പിച്ചും ക്ഷേമമന്വേഷിച്ചും നെടുവീര്‍പ്പുകള്‍ പൊഴിച്ചും…
 
പ്രാണന്‍ പിരിഞ്ഞ ശരീരത്തിന് മണ്ണിനടിയില്‍ മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഒരു കരിംപച്ച രാശിപ്പുണ്ടാകും. അവനെയാകണം പണ്ടാരോ പച്ചമനുഷ്യനെന്ന് വിളിച്ചത്. അസ്തിത്വം അവിടെയാണ്. അവിടെ നമ്മള്‍ മനുഷ്യന്‍ മാത്രവുമാണ്.
 
പലപ്പോഴും നമ്മളിലുള്ള മനുഷ്യരെ നേരില്‍ കാണാന്‍ ഇത്ര പേര്‍ ഉയിര്‍ നല്‍കേണ്ടി വരുന്നല്ലോ… കവളപ്പാറ തന്ന അനുഭവങ്ങള്‍ മൗനമായി പിടികൂടിയിരിക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ എത്ര കാലമെടുക്കുമെന്നറിയില്ല. മനസ്സിനും ശരീരത്തിനും വയ്യാതാവുന്നത് പോലെ…
 
നെഞ്ചിലെ ഭാരത്താല്‍ കണ്ണ് നനയുന്നതൊരു ശീലമായിരിക്കുന്നു. പക്ഷേ, തളര്‍ന്ന് നില്‍ക്കാന്‍ അര്‍ഹതയില്ല. അവരെ ചേര്‍ത്ത് പിടിക്കാതെ വയ്യ, രോഗവും സങ്കടവും ഒപ്പിയെടുത്തോളാമെന്ന് വാക്ക് കൊടുത്തതാണ്…
 
കവളപ്പാറ നമ്മുടേതായി മാറുന്നതുമവിടെയാണ്…

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍