മുന്നറിയിപ്പിന്റെ വില; അന്ന് ക്യാമ്പിലേക്ക് മാറി, പ്രളയത്തിൽ കുലുങ്ങാത്ത മണ്ണ് ഇന്ന് ചതിക്കില്ലെന്ന് കരുതി, ഇന്ന് ചതിച്ചു !

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (13:11 IST)
2018ൽ മഹാപ്രളയം വന്നപ്പോൾ നിലമ്പൂർ കവളപ്പാറയിലുണ്ടായിരുന്ന എല്ലാ കുടുംബവും ദുരുതാശ്വാസ ക്യാമ്പിലായിരുന്നു. വെള്ളത്തെ കൂടാതെ ഉരുൾപൊട്ടലിനേയും ഭയന്നായിരുന്നു അന്നും ഇന്നും മുന്നറിയിപ്പ് നൽകിയത്. എന്നാൽ, കഴിഞ്ഞ വർഷം മുന്നറിയിപ്പ് അതേപടി അനുസരിച്ച് അവരെല്ലാവരും ഭൂദാനം എല്‍പി സ്‌കൂളിലെ ക്യാമ്പുകളിലേക്ക് മാറി. 15 ദിവസത്തോളം ക്യാമ്പിലായിരുന്നു ആ ഒരു ദേശം.
 
എന്നാൽ, മഹാപ്രളയത്തിലും കുലുങ്ങാത്ത തങ്ങളുടെ മണ്ണിനെ ഇത്തവണ അവർ അമിതമായി വിശ്വസിച്ചു. മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്ത് മാറിയത് വെറും 17 കുടുംബങ്ങൾ. ബാക്കിയുള്ളവരാരും എങ്ങും പോയില്ല, ആ തീരുമാനം പക്ഷേ അവസാനത്തേതായിരുന്നു. കവളപ്പാറ ഉരുള്‍പൊട്ടലില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിജയന്‍ 24 ന്യൂസ് ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
"ആളുകള്‍ ഒഴിഞ്ഞു പോവാത്തതിന് കാരണമുണ്ട്. അധികൃതരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലെ ഇതേസമയം വെള്ളത്തിന് മണമുണ്ടെന്ന മുന്നറിയിപ്പ് നൽകി എല്ലാവരോടും ഓടാൻ പറഞ്ഞിരുന്നു. അന്ന് എല്ലാവരും അത് അനുസരിച്ചു. എന്നാൽ, മണ്ണ് ചതിച്ചില്ല. അന്ന് ഒരു പ്രശ്നവും ഉണ്ടായില്ല. ഇത് ആളുകളിൽ അമിത ആത്മവിശ്വാസം ഉണ്ടാക്കിയിരിക്കാം‘.- വിജയൻ പറഞ്ഞു.
 
2018ൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ, മണ്ണ് ഇടിഞ്ഞു തുടങ്ങിയിരുന്നു. അത് ആരും അറിഞ്ഞില്ല. ഇത്രയും വലിയൊരു പേമാരിയെ താങ്ങാനുള്ള കരുത്ത് ആ മണ്ണിനുണ്ടായില്ല. അമിത ആത്മവിശ്വാസത്തിൽ, മുൻ‌കരുതലുകൾക്ക് വില കൊടുക്കാതെ വന്നപ്പോൾ നഷ്ടമായത് അവരുടെ ജീവൻ തന്നെയാണ്. സംഭവത്തിൽ ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ 41 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 36 വീടുകളാണ് മണ്ണിനടിയിലായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article