ലോട്ടറിയുടെ ജിഎസ്ടി വര്‍ധനയെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും സംഘടനാ പ്രതിനിധികള്‍, വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ രംഗത്ത് ഉണ്ടാകാവുന്ന പ്രതികൂലതകള്‍ വിശദമായി മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. യോഗത്തില്‍ ലോട്ടറി ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജും പങ്കെടുത്തു.
പുതിയ നിരക്ക് പരിഷ്‌കരണത്തില്‍, കേരള സര്‍ക്കാര്‍ നടത്തുന്ന പേപ്പര്‍ ലോട്ടറിയെ കാസിനോകള്‍ക്കും ചൂതാട്ടത്തിനുമൊപ്പമുള്ള 40 ശതമാനം ജിഎസ്ടി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ലക്ഷം ആളുകളും അവരുടെ കുടുംബങ്ങളും ഉപജീവനമാര്‍ഗമായി ആശ്രയിക്കുന്ന സംവിധാനമാണിത്. ജിഎസ്ടി വര്‍ധനവ് ടിക്കറ്റ് വില്‍പ്പന കുറയ്ക്കുകയും, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യും.
ഇതിന് മുമ്പ്, സര്‍ക്കാര്‍ നടത്തുന്ന ലോട്ടറിയെ ഉയര്‍ന്ന നികുതി നിരക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോടും ജിഎസ്ടി കൗണ്‍സിലിനോടും കേരളം ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. കൂടാതെ, പെട്ടെന്ന് നടപ്പിലാക്കിയ ഈ മാറ്റം ലോട്ടറി അച്ചടിയിലും വിതരണത്തിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി, നടപ്പാക്കുന്നതില്‍ സാവകാശം അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല.ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ലോട്ടറിയില്‍ ആശ്രയിക്കുന്ന സംഘടനാ പ്രതിനിധികളുമായി ധനകാര്യ മന്ത്രി ചര്‍ച്ച നടത്തിയത്.