കേരള ഫീഡ്‌സില്‍ സാമ്പത്തിക പ്രതിസന്ധി: കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ ഉല്‍പാദനം വെട്ടിക്കുറച്ചു

ചൊവ്വ, 30 ഓഗസ്റ്റ് 2016 (10:22 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള ഫീഡ്‌സ് കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള കാലിത്തീറ്റ ഉല്‍പാദനം വെട്ടിക്കുറച്ചു. കാലിത്തീറ്റ വിതരണം മുടങ്ങിയതോടെ ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തതയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിന് തിരിച്ചടിയായി. പ്രതിമാസം രണ്ടുകോടി രൂപ നഷ്ടത്തില്‍ കന്നുകുട്ടി കാലിത്തീറ്റ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തതാണ് കേരള ഫീഡ്‌സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
 
കാലിത്തീറ്റക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി കേരളം ആശ്രയിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കര്‍ണാടയുമൊക്കെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പലതവണ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ 2011ന് ശേഷം കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഇതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി ചൂണ്ടികാണിക്കുന്നു. 
 
2011ല്‍ അടിസ്ഥാന നിരക്ക് നിശ്ചയിക്കുമ്പോള്‍ 1500 ടണ്‍ കാലിത്തീറ്റയായിരുന്നു പദ്ധതിക്ക് വേണ്ടിയിരുന്നത്.
എന്നാല്‍, നിലവില്‍ അത് മൂന്നിരട്ടിയിലേറെ വര്‍ധിച്ച് 5000 ടണ്‍ ആയി മാറി. നഷ്ടം കനത്തതോടെ  കാലിത്തീറ്റ ഉല്‍പാദനം 5000 ടണില്‍നിന്ന് 1000-1200 ടണിലേക്ക് പെട്ടെന്ന് വെട്ടിക്കുറച്ചു. ഇതോടെ കന്നുകുട്ടി പരിപാലന പദ്ധതിയില്‍ അംഗങ്ങളായ ക്ഷീര കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി കാലിത്തീറ്റ ലഭിക്കുന്നില്ല. 

വെബ്ദുനിയ വായിക്കുക