നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫും സിപിഎമ്മും. പിണറായി വിജയന്‍ നിലവിലെ മുഖ്യമന്ത്രി സ്ഥാനം തിങ്കളാഴ്ച രാജിവയ്ക്കും. തുടര്‍ഭരണം ഉറപ്പാണെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും എല്‍ഡിഎഫും സിപിഎമ്മും ഒരേ സ്വരത്തില്‍ പറയുന്നു. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി പുറത്തുവന്നതോടെ ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്.
തുടര്‍ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ മെയ് ഒന്‍പതിന് ശേഷമായിരിക്കുമെന്നാണ് സിപിഎം വൃത്തങ്ങള്‍ അറിയിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്ന് ഘട്ടമായി നടത്താനും ഇടതുമുന്നണി ആലോചിക്കുന്നു. വളരെ ലളിതമായി സത്യപ്രതിജ്ഞ ചടങ്ങ് നടത്തണമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായി പൊതുഭരണവകുപ്പും ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും തങ്ങള്‍ അധികാരത്തിലെത്തുമെന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു.