Kerala Election Results 2021: കേരള നിയമസഭയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ രാവിലെ എട്ടിനു തുടങ്ങി. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പോസ്റ്റല്‍വോട്ടാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എണ്ണാന്‍ തുടങ്ങും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്. 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. രണ്ട് കോടിയിലേറെ വോട്ട് പോള്‍ ചെയ്യപ്പെട്ടു. ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിക്കാന്‍ സാധിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം കാറ്റില്‍പറത്തി ഭരണമാറ്റം ഉറപ്പാണെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. നില മെച്ചപ്പെടുത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
തപാല്‍ വോട്ടുകള്‍ ആകെ 5,84,238. ഒരു മണ്ഡലത്തില്‍ ശരാശരി 4,100വോട്ട്. ഇക്കുറി ആയിരം തപാല്‍ വോട്ടെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ ഫലമറിയാന്‍ 9.30 ആവും.
നടപടികള്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍. അതനുസരിച്ച് 9.30 യോടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. മണ്ഡലങ്ങളില്‍ ശരാശരി 1.50ലക്ഷം മുതല്‍ 1.80 ലക്ഷം വരെയാണ് പോള്‍ ചെയ്ത വോട്ടുകള്‍. നേരത്തെ 10 മുതല്‍ 12 റൗണ്ടുകള്‍ എണ്ണിയിരുന്നത് ഇക്കുറി 7 മുതല്‍ 9 റൗണ്ടുകളാകുമ്പോള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.