ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുമുതല്‍ അപേക്ഷിക്കാം

ശ്രീനു എസ്

ശനി, 10 ഒക്‌ടോബര്‍ 2020 (14:02 IST)
ഹയര്‍ സെക്കന്‍ഡറിയുടെ മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ഒക്ടോബര്‍ 10 രാവിലെ ഒന്‍പതു മുതല്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. 
 
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ് ആയവര്‍) ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവര്‍ക്കും വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാം.  
 
അപേക്ഷകളിലെ പിഴവുകള്‍ അപേക്ഷ പുതുക്കുന്ന അവസരത്തില്‍ തിരുത്തല്‍ വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.  സപ്ലിമെന്ററി അലോട്ട്മെന്റിനായി 14ന് വൈകിട്ട് അഞ്ച് വരെ പുതുക്കല്‍/ പുതിയ അപേക്ഷാഫോം ഓണ്‍ലൈനായി സമര്‍പ്പിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍