സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി; ആകെ നല്‍കിയത് ഒന്നരക്കോടിയിലേറെ ഡോസ്

ശ്രീനു എസ്

ബുധന്‍, 7 ജൂലൈ 2021 (08:18 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 ഡോസ്) വാക്സിന്‍ നല്‍കിയത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
 
സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷന്‍മാരുമാണ് വാക്സിന്‍ എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്സിന്‍ സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍