രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍; വീടുകള്‍ക്കുള്ളില്‍ രോഗവ്യാപനം നൂറ് ശതമാനം, ആശങ്ക

ബുധന്‍, 7 ജൂലൈ 2021 (07:33 IST)
കേരളത്തിലെ കോവിഡ് വ്യാപനം വന്‍ ആശങ്കയായി തുടരുന്നു. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണമെടുത്താലും രാജ്യത്ത് ഒരു ദിവസം പോസിറ്റീവ് ആകുന്ന ആകെ രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. വീടുകളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുളള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.
 
നിലവില്‍ പതിനായിരത്തിനു മുകളില്‍ പ്രതിദിന രോഗബാധിതരുള്ള ഏക സംസ്ഥാനം കേരളമാണ്. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.1 മാത്രമെങ്കില്‍ കേരളത്തില്‍ 10 ന് മുകളിലാണ്. രാജ്യത്ത് നാലരലക്ഷം പേര്‍ ചികില്‍സയില്‍ കഴിയുന്നതില്‍ ഒരു ലക്ഷവും കേരളത്തിലാണ്. വീടുകളിലെ രോഗവ്യാപനമാണ് ഏറ്റവും വലിയ ആശങ്കയാകുന്നത്. കുടുംബത്തിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവരും പോസിറ്റീവ് ആകുന്ന സ്ഥിതി വിശേഷമുണ്ട്. വീടുകളില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് ഇങ്ങനെയൊരു അവസ്ഥയ്ക്ക് കാരണം. 
 
അതേസമയം, രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍.) ഉയര്‍ന്നുനില്‍ക്കുന്ന തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍